ഇംഫാല്‍: മണിപ്പൂരില്‍ വംശീയ അതിക്രമങ്ങള്‍ ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള മൂന്ന് ദിവസത്തെ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ ഇംഫാല്‍ ആര്‍ച്ചുബിഷപ് ലീനസ് നെലി സോഷ്യല്‍ മീഡിയയില്‍ രൂപതാ സമൂഹത്തോട് ആഹ്വാനം ചെയ്തു. മണിപ്പൂരിലെ നൂറുകണക്കിന് പള്ളികളില്‍ ഒന്നായ സുഗ്‌നുവിലെ സെന്റ് ജോസഫ് പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒറ്റയ്ക്ക് മുട്ടുകുത്തി നിന്ന് കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ആഹ്വാനം ചെയ്തത്.
‘സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക; പ്രതീക്ഷ കൈവിടരുത്. എന്നാല്‍ സമാധാനത്തിനുള്ള ഉപകരണങ്ങള്‍ വളരെ ദുര്‍ബലമാണ്… സമാധാനത്തിന്റെ ഏജന്റുമാരെ ശക്തിപ്പെടുത്തേണ്ടതുണ്ട്, ഞങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും മറ്റ് അധികാരികളില്‍ നിന്നും നല്ല നടപടി ആവശ്യമാണ്. ദൈവത്തിന്റെ ശക്തിക്കും പ്രബുദ്ധതയ്ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” പ്രസ്താവനയില്‍ പറയുന്നു.
”നമ്മുടെ നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും അനഭിലഷണീയമായ സാഹചര്യങ്ങളിലും വലിയ ദുരിതത്തിലും വേദനയിലും അനിശ്ചിതത്വത്തിലും കഴിയുകയാണ്.
മണിപ്പൂരിലെ ഈ മനോഹരമായ ഭൂമിയില്‍ എല്ലാ വംശങ്ങളിലും മതവിഭാഗങ്ങളിലുംപെട്ട ആളുകള്‍ക്ക് സമാധാനപരമായി ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന ദിവസത്തിനായി നമുക്ക് നിരന്തരം പ്രാര്‍ത്ഥിക്കാം;”