കുടുംബങ്ങളുടെ വിശ്വാസ ശാക്തീകരണം ലക്ഷ്യം വച്ച് പ്രഖ്യാപിതമായ കുടുംബ വർഷാചരണം അതിരൂപതയിൽ വിവിധ പരിപാടികളോടു കൂടി സമാപിക്കും. ജൂൺ 22-ന് ആരംഭിച്ച് 26-ന് സമാപിക്കുന്ന തരത്തിലാണ് കുടുംബവർഷാചരണ സമാപന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. 23,24 തീയതികളിൽ കുടുംബ ശാക്തീകരണത്തിനുതകുന്ന സെമിനാറുകൾ, ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. ഇരുപത്തിയഞ്ചാം തീയതി ശനിയാഴ്ച ഇടവകകളിൽ കുടുംബസംഗമം നടത്തും. കുടുംബ വർഷാചരണത്തിന്റെ അവസാനദിവസമായ ഇരുപത്തിയാറാം തീയതി ഞായറാഴ്ച കുടുംബങ്ങൾക്ക് വേണ്ടിയുള്ള ആഘോഷമായ ദിവ്യബലിയോടുകൂടി സമാപനം കുറിക്കും. അന്നേദിവസം വലിയ കുടുംബങ്ങളെ ആദരിക്കുകയും ജീവിതത്തിൽ അവശത നേരിടുന്നവർക്ക് കൈതാങ്ങാവുന്ന കാരുണ്യപ്രവർത്തനങ്ങൾക്ക് ഇടവകകളിൽ തുടക്കം കുറിക്കും. ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനവും നിർദ്ദേശവും ഉൾക്കൊണ്ടുകൊണ്ട് കുടുംബവർഷാചാരണ സമാപനം വിവിധ പരിപാടികളോടെ ഇടവകകളിൽ ആചരിക്കണമെന്ന് അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാ. ക്രിസ്റ്റിൽ റൊസാരിയോ നിർദ്ദേശം നൽകിയത്.
കുടുംബങ്ങളുടെ പവിത്രതയും വിവാഹജീവിതത്തിന്റെ അമൂല്യതയും വ്യക്തമാക്കുന്ന പേപ്പൽ പ്രബോധനം ‘അമോരിസ് ലെത്തീസ്യ'(സ്നേഹത്തിന്റെ ആനന്ദം) പ്രസിദ്ധീകൃതമായായതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് കുടുംബവർഷാചാരണം സഭ പ്രഖ്യാപിച്ചത്. കുടുംബങ്ങളുടെ മധ്യസ്ഥനായ വി. ഔസേപ്പിതാവിന് സമർപ്പിതമായ വർഷത്തിൽ തന്നെ ആഗോളസഭ കുടുംബവർഷാചരണം പ്രഖ്യാപിച്ചുവെന്നതും ശ്രദ്ധേയമാണ്.