സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലങ്കര സഭാധ്യക്ഷൻ അത്യുന്നത കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ സെക്രട്ടറിയേറ്റ് നടയിലെ സമരപ്പന്തലിലെത്തിയത് ആവേശമായി. ഈ അവകാശ പോരാട്ടത്തിൽ തീരജനതയ്ക്കൊപ്പം താനും ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചു. കാര്യം കണ്ട ശേഷം മറന്നു പോകുന്ന ഭരണ സംവിധാനത്തിനു മുന്നിൽ എന്തുകൊണ്ട് ഞങ്ങളെ കണ്ടില്ലെന്നു നടിക്കുന്നെന്ന ചോദ്യമുയർത്തി പ്രതീക്ഷയോടെ നിൽക്കുന്ന തീരജീനതായണിതെന്നും, ഈ സംസ്ഥാനത്ത് ജാതിമത ഭേതമില്ലാതെ എല്ലാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്ന ഈ ജനതയുടെ ആവശ്യങ്ങൾ ഉടനടി നൽകുകയെന്നാണ് തനിക്ക് കേരള സർക്കാരോട് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
തീരജനതക്കായി ശബ്ദമുയർത്തി സമരമുഖത്തെത്തിയ പാളയം ഫെറോനയിലെ ജനങ്ങൾക്ക് അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ആർ അഭിനന്ദനങ്ങൾ അറിയിച്ചു. തെറ്റായ കാലാവസ്ഥ നിർദ്ദേശങ്ങൾ നൽകുന്ന സർക്കാർ അന്നന്നുള്ള വക കണ്ടെത്തുന്ന മത്സ്യതൊഴിലാളിയുടെ ദുരവസ്ഥ മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ ജനങ്ങളുടെ അനിശ്ചിതകാല സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. പാളയം ഫെറോനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി പാളയം പള്ളിയങ്കണത്തിൽ നിന്നാരംഭിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ അവസാനിച്ചു. പാളയം ഫെറോന വികാരി മോൺ. നിക്കോളാസ് റാലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റിനു മുന്നിലെ പ്രതിഷേധ ധർണ്ണ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പേരെ ഉദ്ഘാടനം ചെയ്തു.മത്സ്യം വിൽക്കുന്നവർ മാത്രമല്ല, മത്സ്യം ഭക്ഷിക്കുന്നവരൊന്നിച്ചു അണിചേരേണ്ടതാണീ സമരമെന്ന് വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു
തീരത്തുണ്ടാകുന്ന തൊഴിൽ സാധ്യതകൾ തീരജനതക്ക് തന്നെ നൽകുമെന്ന വാഗ്ദാനം പാലിക്കണമെന്ന് അൽമായ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. മൈക്കിൾ തോമസ് പറഞ്ഞു. കുറയേറെ വർഷങ്ങളായി തീരദേശ ജനതയനുഭവിക്കുന്ന ദുരിതങ്ങൾ ആവർത്തിച്ചു സർക്കാർ വൃന്ദത്തോട് പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ ഉയർന്നുവന്ന സമരമാണിത്.
പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശൻ സമരമുഖത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്നിഹിതനായി. ഭരണാധികാരികൾ എടുക്കേണ്ട തീരുമാനങ്ങൾ വൈകുന്നതിനാൽ തീരത്തുനിന്നുയരുന്ന ശബ്ദമാണീ സമരമെന്നും മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ഇതൊരു ജീവൻ മരണ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ പട്ടികജാതി, പട്ടിക വർഗ, ആദിവാസികളെക്കാളൊക്കെ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നത് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ മുഴുവൻ ദൂഷ്യ വശങ്ങളും അനുഭവിക്കുന്നതും അവർ തന്നെ. ശാസ്ത്രീയമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ആ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ നടപ്പിലാക്കപ്പെടണമെന്നും തീരജനതയുടെ പുനരധിവാസം നടപ്പിലാക്കും വരെയും രാഷ്ട്രീയം നോക്കാതെ തീരജനതക്കായി താനുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോവളം നിയോജക മണ്ഡലം എം. എൽ. എ. വിൻസെന്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമരത്തിൽ സന്നിഹിതനായി.
സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് അതിരൂപത മത്സ്യത്തൊഴിലാളി ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ഷാജിൻ ജോസ്, പാളയം ഫെറോന വികാരി ഫാ. നിക്കോളാസ്,ശ്രീ. ഗ്ലാവിയസ്, ശ്രീ. തീത്തോസ്, ശ്രീമതി. മേരി പുഷ്പ്പം എന്നിവർ സംസാരിച്ചു.
പാളയം ജനങ്ങൾക്കൊപ്പം ഫാ. ശാന്തപ്പൻ, ഫാ. ഡൈസൺ, ഫാ. കോസ്മോസ്, ഫാ. വിംഗ്സ്റ്റൻ, ഫാ. ജെറോം അമൃതയ്യൻ,ഫാ.ഇമ്മാനുവേൽ വൈ, ഫാ. ഡാനിയേൽ, ഫാ. നിജു അജിത്, ഫാ. സനീഷ്, ഫാ.ആൾഡ്രിൻ ജോസഫ്, ഫാ.പൗലോസ് വാഴക്കാല, ഫാ. മുത്തപ്പൻ അപ്പോലി, ഫാ. വിജിൽ ജോർജ്,ഫാ. സോജൻ, ഫാ. അജിത്, ഫാ. കാർവിൻ, ഫാ. സെബാസ്ത്യൻ, ഫാ. പ്രബൽ തുടങ്ങിയ വൈദികരും, കുടപ്പനക്കുന്ന് മേരിഗിരി ആശ്രമ അംഗങ്ങളും അതിരൂപതയിലെ സന്യസ്ത അൽമായ പ്രതിനിധികളും സന്നിഹിതരായിരുന്നു.