ഊലാൻബത്താറിലെ ഭവനരഹിതർക്കും ഗാർഹിക പീഡനത്തിന് ഇരയായവർക്കും അഭയം നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്ന “കാരുണ്യത്തിന്റെ ഭവനം” പാപ്പാ ഉദ്ഘാടനം ചെയ്തു. തുടർന്ന് അംഗങ്ങളെ അഭിസംബോധന ചെയ്യവേ ജീവകാരുണ്യ പ്രവർത്തനങ്ങളെ കച്ചവടമാക്കി മാറ്റരുതെന്ന ഓർമ്മപ്പെടുത്തൽ പാപ്പ നൽകി. തന്റെ അപ്പസ്തോലിക യാത്രയുടെ അവസാനദിനത്തിലാണ് പാപ്പ ഉപവിപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയത്.
“എനിക്ക് വിശന്നു നിങ്ങൾ ഭക്ഷിക്കാൻ തന്നു; എനിക്ക് ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നു.” എന്ന (മത്താ 25: 35) ഈശോയുടെ തിരുവചനത്തിൽ ഇതെല്ലാം സംഗ്രഹിക്കാൻ കഴിയുമെന്ന് കരുതുന്നതായി പാപ്പാ പറഞ്ഞു. ഈ തിരുവചനങ്ങളിലൂടെ ഈ ലോകത്തിൽ തന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള മാനദണ്ഡവും, അന്ത്യവിധിയിൽ തന്റെ രാജ്യത്തിന്റെ പരമോന്നതമായ സന്തോഷത്തിലേക്ക് പ്രവേശിക്കുവാൻ വേണ്ട നിബന്ധനയും കർത്താവ് നമുക്ക് നൽകുന്നു എന്ന് പാപ്പാ കൂട്ടിച്ചേർത്തു. സമ്പന്നർക്ക് മാത്രമേ സന്നദ്ധ പ്രവർത്തനത്തിന് ഏർപ്പെടാൻ കഴിയുവെന്നത് മിഥ്യാധാരണയാണ്. നന്മ ചെയ്യാൻ ധനികനാകേണ്ട ആവശ്യമില്ല. മറിച്ച് മിക്കവാറും എല്ലായിപ്പോഴും എളിമയുള്ള ആളുകളാണ് മറ്റുള്ളവരെ പരിപാലിക്കുന്നതിനായി തങ്ങളുടെ സമയവും കഴിവുകളും ഔദാര്യവും ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നത്.
1990കളിൽ ആദ്യത്തെ മിഷനറിമാർ ഊലാൻബത്താരിൽ എത്തിയപ്പോൾ മുതൽ ഉപവിപ്രവർത്തനങ്ങളുടെ ആവശ്യകതയെ തിരിച്ചറിയുകയും ആ തിരിച്ചറിവ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾ, ഭവനരഹിതരായ സഹോദരങ്ങൾ, രോഗികൾ, വികലാംഗർ, തടവുകാർ, സഹനങ്ങൾക്കിടയിൽ കഴിഞ്ഞവർ എന്നിങ്ങനെ എല്ലാവരെയും ശുശ്രൂഷിക്കുന്നതിലേക്ക് അവരെ നയിക്കുകയും ചെയ്തുവരുന്നു.
ഇതിനിടെ തനിക്കു നൽകിയ ആതിഥ്യത്തിന് നന്ദി പറഞ്ഞു കൊണ്ട് നാലു ദിവസങ്ങൾ നീണ്ടു നിന്ന മംഗോളിയൻ അപ്പസ്തോലിക യാത്ര ഫ്രാൻസിസ് പാപ്പ പൂർത്തിയാക്കി വത്തിക്കാനിൽ തിരിച്ചെത്തി. പതിവുപോലെ തന്റെ അപ്പസ്തോലിക യാത്രയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിനായി നന്ദിയർപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ സെന്റ് മേരി മേജറിന്റെ ബസിലിക്കയിലെത്തി പ്രാർത്ഥിച്ചു.