അതിരൂപത അജപാലനശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ ക്രിസ്തീയവിശ്വാസജീവിതപരിശീലന അധ്യാപകർക്കായുള്ള അടിസ്ഥാന പരിശീലനം ജൂലൈ എട്ടാം തിയതി ശനിയാഴ്ച്ച വെള്ളയമ്പലം പാരിഷ് ഹാളിൽ നടന്നു. 2023-2024 മതബോധന അധ്യായന വർഷത്തിൽ പുതുതായി ചേർന്ന അധ്യാപകർക്കായുള്ള പരിശീലന പരിപാടിയിൽ 9 ഫെറോനകളിൽ നിന്നായി 274 അധ്യാപകർ പങ്കെടുത്തു.
ആരാണ് മതബോധന അധ്യാപകരെന്നും മതബോധന രംഗത്ത് അധ്യാപകരുടെ പ്രാധാന്യം എന്താണെന്നുമുള്ള വിഷയത്തെ അടിസ്ഥാനമാക്കി അതിരൂപത അജപാലന ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ക്ലാസ് നൽകി. അധ്യാപനക്കുറിപ്പ് തയ്യാറാക്കുന്നതിനെ പറ്റി ശ്രീമതി സുശീല ലോപ്പസ്, മതബോധനം എങ്ങനെ കാര്യക്ഷമമാക്കാമെന്ന വിഷയത്തെ ആധാരമാക്കി ഫാ. ഡെനീസ് മണ്ണൂരും, കൂദാശകളുടെ പ്രായോഗിക വശങ്ങളെന്ന വിഷയത്തിൽ അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യം എന്നിവർ ക്ലാസുകൾ നയിച്ചു. പരിശീലനത്തിൽ പങ്കാളികളായ അധ്യാപകർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.