ന്യൂഡൽഹി: ദക്ഷിണ ദില്ലിയിലെ ചാത്തപുറിലെ ലിറ്റില് ഫ്ളവര് സിറോ-മലബാർ ദൈവാലയം ഡൽഹി നഗരസഭാ അധികാരികൾ ജൂലൈ 12നു പൊളിച്ചുമാറ്റി. കൈയേറിയ ഗ്രാമപ്രദേശമാണ് നിയമപരമായി പൊളിച്ചുമാറ്റിയതെന്നു നഗരസഭാ ഉദ്യോഗസ്ഥർ അറിയിച്ചു.
എന്നാൽ മതസ്പർദ്ധ സൃഷ്ടിക്കും വിധം 14 വർഷത്തെ പാരമ്പര്യം കൈമുതലുള്ള ദൈവാലയം പൊളിച്ചുമാറ്റുകയും, ദൈവാലയത്തിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തതിനെ വളരെ ശക്തമായി തന്നെ അപലപിച്ചുകൊണ്ട് വിശ്വാസികളും പ്രദേശവാസികളായ മലയാളികളും ചേർന്ന് പ്രാർത്ഥന പ്രതിഷേധം നടത്തി.
ജില്ലാ മജിസ്ട്രേറ്റിന്റെ പ്രസ്താവനയിൽ ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പിൻറെ പരാതിപ്രകാരം 2015 മാർച്ച് മാസം തന്നെ ഗ്രാമ ഭൂമി കൈയേറിയതായി ഹൈ കോടതിയിൽ പരാതി ലഭിച്ചിരുന്നതായും. അതിന്മേൽ നിയമപ്രകാരം നോട്ടീസ് ആയിച്ചിരുന്നതായും വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച അവസാന താക്കിത് നോട്ടീസും ആയിച്ചിരുന്നതായി ജില്ലാ മജിസ്ട്രിയറ്റ് അറിയിച്ചു.
എന്നാൽ നിയമനടപടികൾ പുരോഗമിക്കുന്ന വേളയിൽ ജില്ലാ മജിസ്ട്രേറ്റിന്റെ പ്രകോപനപരമായ നടപടിയെ ഇടവക വികാരി ഫാ. ജോസ് വളരെ ശക്തമായി എതിർത്തു. കഴിഞ്ഞ 14 വർഷമായി ആരാധന നടന്നുകൊണ്ടിരുന്ന ദൈവാലയമാണിതെന്നും 140 ഓളം കുടുംബങ്ങൾ അടങ്ങുന്ന ഒരു സജീവ ഇടവകയാണിതെന്നും ദൈവാലയം പൂർണമായും ആധികാരിക രേഖകൾ ഉള്ള പ്രദേശത്താണ് നിലനിന്നിരുന്നതെന്നും ഇടവക വികാരി ചൂണ്ടിക്കാട്ടി. ദൈവാലയത്തിനു അനുബന്ധിതമായ നിർമാണങ്ങൾ മാത്രമാണ് പരാതി പ്രദേശങ്ങളിൽ ഉൾപെടുന്നുള്ളു എന്നും ഇടവക വികാരി ഫാ. ജോസ് മാധ്യമങ്ങളോട് വ്യക്തമാക്കി.