ഐക്യരാഷ്ട്രസഭയും ഫ്രാൻസും ചേർന്ന്, ലെബനോനിന് വേണ്ടി, ഓഗസ്റ്റ് നാലിന് പാരീസിൽ വച്ച് നടത്തിയ അന്താരാഷ്ട്രസമ്മേളനത്തിൽ വത്തിക്കാൻ വിദേശകാര്യവിഭാഗം അണ്ടർ സെക്രട്ടറി മോൺസിഞ്ഞോർ മിറോസ്ലാവ് വാഹോവ്സ്കി (Miroslaw Wachowski) പങ്കെടുത്തു. ബെയ്റൂട്ടിൽ കഴിഞ്ഞവർഷം നടന്ന ഭീകരമായ സ്ഫോടനത്തിന്റെ വാർഷികദിനത്തിലാണ്, ലെബനോനിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് സമ്മേളനം നടന്നത്. ലെബാനോനുവേണ്ടിയുള്ള അന്താരാഷ്ട്രസമൂഹത്തിന്റെ ഔദാര്യതയെ പ്രകീർത്തിച്ച മോൺസിഞ്ഞോർ വാഹോവ്സ്കി, പരിശുദ്ധസിംഹാസനവും, കത്തോലിക്കാസഭയിലെ ഉപവിസംഘടനകളും ചേർന്ന് ലെബാനോന് വേണ്ടി നടത്തിയ സഹായങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിച്ചു.
ഫ്രാൻസിസ് പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ച്, നൂറ്റാണ്ടുകളായി സമാധാനപരമായ സഹവർത്തിത്വത്തിന്റെ അനുഭവത്തിന് സാക്ഷ്യം വഹിക്കുന്ന മഹത്തായ രാഷ്ട്രമാണ് ലെബനോൻ എന്നും, ലെബനോൻ, ഒരു രാജ്യം എന്നതിനേക്കാൾ, മദ്ധ്യപൂർവ്വദേശങ്ങളിൽനിന്നുയരുന്ന, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ആഗോളസന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാർത്ഥലാഭേച്ഛകളില്ലാതെ, യഥാർത്ഥമായ സമാധാനത്തിനുവേണ്ടി പ്രയത്നിക്കാനും, കുറച്ചുപേരുടെ മാത്രം ലാഭത്തിന് വേണ്ടി ഒരുപാടു പേർ സഹിക്കേണ്ടിവരുന്നത് അവസാനിപ്പിക്കാനും ഫ്രാൻസിസ് പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ച് അദ്ദേഹം സമ്മേളനത്തിൽ ആവശ്യപ്പെട്ടു.