കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) 16 കമ്മീഷനുകൾക്ക് പുതിയ അധ്യക്ഷന്മാരെ നിയമിച്ചു. ജനുവരി 29- ന് നടന്ന 34 – മത് പ്ലീനറി അസംബ്ലിയിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പുനലൂർ രൂപത അധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ അടിസ്ഥാന സഭാസമൂഹങ്ങൾക്കായുള്ള കമ്മീഷന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
കാനൻ നിയമത്തിനും നിയമനിർമ്മാണ ഗ്രന്ഥങ്ങൾക്കും വേണ്ടിയുള്ള കമ്മീഷന്റെ അധ്യക്ഷനായി തമിഴ്നാട്, പാളയംകോട്ടെ രൂപത അധ്യക്ഷൻ ബിഷപ്പ് അന്തോണി സാമി ശവരിമുത്തും, മതബോധന കമ്മീഷന്റെ അധ്യക്ഷനായി അരുണാചൽ പ്രദേശ്, മിയാവോ രൂപത അധ്യക്ഷൻ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിലും, പരിസ്ഥിതി കമ്മീഷന്റെ അധ്യക്ഷനായി റാഞ്ചി, ജാർഖണ്ഡിലെ സഹായമെത്രാൻ ബിഷപ്പ് തിയൊഡോർ മസ്കരനാസും തിരഞ്ഞെടുക്കപ്പെട്ടു.
കുടുംബ കമ്മീഷന്റെ അധ്യക്ഷനായി മഹാരാഷ്ട്ര, ബോംബൈ സഹായമെത്രാൻ ബിഷപ്പ് ബർതോൾ ബാരെറ്റോയും, അല്മായക്കായുള്ള കമ്മീഷന്റെ അധ്യക്ഷനായി ബാംഗളൂർ, കർണാടക അതിരൂപത ആർച്ച് ബിഷപ്പ് പീറ്റർ മച്ചാടോയും, സുവിശേഷപ്രഘോഷണത്തിനായുള്ള കമ്മീഷന്റെ അധ്യക്ഷനായി മധ്യപ്രദേശ്, ഭോപ്പാൽ മെത്രാപ്പോലീത്ത സെബാസ്റ്റ്യൻ ദുരൈ രാജ്, ദൈവശാസ്ത്രത്തിനും സഭാപഠനങ്ങൾക്കുമായുള്ള കമ്മീഷന്റെ അധ്യക്ഷനായി പശ്ചിമബംഗാൾ, ബഗ്ഡോഗ്രാ രൂപത അധ്യക്ഷൻ ബിഷപ്പ് വിൻസൺ ഐൻഡ്, ദൈവവിളി സെമിനാരികൾ, വൈദികർ, സന്യസ്ഥർ എന്നിവർക്കായുള്ള കമ്മീഷന്റെ അധ്യക്ഷനായി കോഴിക്കോട് രൂപത അധ്യക്ഷൻ ബിഷപ്പ് വർഗീസ് ചക്കാലക്കലും, വനിതാ കമ്മീഷന്റെ അധ്യക്ഷനായി ഒഡീഷ, റൂർഖേല രൂപത അധ്യക്ഷൻ ബിഷപ്പ് കിഷോർ കുമാർ കുജൂർ, യുവജന കമ്മീഷന്റെ അധ്യക്ഷനായി ഉത്തർപ്രദേശ്, ബറേലി രൂപത അധ്യക്ഷൻ ബിഷപ്പ് ഇഗ്നേഷ്യസ് ഡിസൂസ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
തുടർച്ചയായി രണ്ടാം വട്ടവും ബൈബിൾ കമ്മീഷൻ അധ്യക്ഷനായി സുൽത്താൻപേട്ട് രൂപതാ അധ്യക്ഷൻ ബിഷപ്പ് പീറ്റർ അബീർ അന്തോണിസാമിയും, എക്യുമെനിസം കമ്മീഷൻ അധ്യക്ഷനായി കർണാടക, ഷിമോഗ അധ്യക്ഷൻ ബിഷപ്പ് ഫ്രാൻസിസ് സൊറാവോയും, ആരാധനാക്രമ കമ്മീഷന്റെ അധ്യക്ഷ കർണാടക മംഗലാപുരം അധ്യക്ഷൻ ബിഷപ്പ് പീറ്റർ പോൾ സൽദാൻഹ, കുടിയേറ്റക്കാർക്കുള്ള കമ്മീഷൻ അധ്യക്ഷനായി ചത്തീസ്ഗഡ്, റായ്പൂർ മെത്രാപ്പോലീത്ത വിക്ടർ ഹെൻട്രി ഠാക്കൂർ എന്നിവർ നിയമിതരായി.
രൂപതകളുടെ വിഭജനം, പുതിയ അതിരൂപതകൾ സൃഷ്ടിക്ക്, തീർത്ഥാടന കേന്ദ്രങ്ങളെയോ, ദേവാലയങ്ങളെയോ ബസിലിക്കയുടെ പദവിയിലേക്ക് ഉയർത്തൽ എന്നിവയുമായി ബന്ധപ്പെട്ട സിസിബിഐ കമ്മീഷൻ ഫോർ ബൗണ്ടറിയുടെ എക്സ് ഒഫീഷ്യോ ചെയർമാൻ ആണ് സിസിബിഐയുടെ പ്രസിഡന്റ് ആയ കർദിനാൾ ഫിലിപ്പ് നെറി ഫെറോ. സി സി ബി ഐ-യുടെ 34 മത് പ്ലീനറി അസംബ്ലിയുടെ ആറാം ദിവസം സിസിബിഐയുടെ സഹ അധ്യക്ഷനും, മദ്രാസ് – മൈലാപ്പൂർ മെത്രാപ്പോലീത്തയുമായ ജോർജ് അന്തോണി സാമി വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.