വർഷങ്ങളായി മദ്യപാനവും മറ്റ് ലഹരി പ്രവർത്തനങ്ങളും നടന്നിരുന്ന വീടും സ്ഥലവും ഇനി പൂന്തുറ മക്കളുടെ കളിയിടം. ഇടവക കെ. സി. വൈ. എം – ന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ബീ ദ ചേഞ്ച് ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിൽ നാട്ടുകാർക്ക് പ്രയോജനകരമായൊരു ഇടപെടലുണ്ടായത്.
പൂന്തുറയിൽ ഇരുപതിലേറെ വർഷമായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന വീടും സ്ഥലവും മദ്യപാനത്തിനും ലഹരി പ്രവർത്തനങ്ങൾക്കും അനിയന്ത്രിതമായ തരത്തിൽ ഉപയോഗിക്കുകയും വിൽപ്പനയും നടത്തി വരുന്നതിനുള്ള മറയായി വിനിയോഗിക്കുകയായിരുന്നു. ഇത് ഭാവിയിൽ നാട്ടിലെ കുഞ്ഞുങ്ങളെയും യുവതലമുറയെയും ദോഷകരമായി ബാധിക്കുമെന്നുറപ്പുള്ളതിനാലാണ് ഇടവക കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും സഹകരണത്തോടെയാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളാനിടയാക്കിയത്.
പൂന്തുറയിലെതന്നെ ഇടവക അംഗമായ വ്യക്തിയുടേതാണ് ഈ വീടും സ്ഥലവും. നാടിന്റെ വളർച്ചയ്ക്കായും കുട്ടികളുടെ കായിക പുരോഗതിക്കായും താൽക്കാലികമായാണ് അദ്ദേഹം സ്ഥലം വിട്ടു നൽകിയതെന്ന് സംഘാടകർ അറിയിച്ചു.