വത്തിക്കാന്‍ സിറ്റി: മാമോദീസയുടെ തീയതി അറിയില്ലെങ്കിൽ, അത് അന്വേഷിച്ച് കണ്ടതെണ്ടതുണ്ടെന്നും അങ്ങനെ ദൈവമക്കളായതിന്റെയും സ്വർഗ്ഗരാജ്യത്തിന്റെ അവകാശിയായതിന്റെയും വാർഷികം ആഘോഷിക്കാൻ കഴിയണമെന്നും ഫ്രാൻസിസ് പാപ്പ. ജനുവരി 7 ഞായറാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കാര്യാലയത്തിന്റെ ജാലകത്തിൽ നിന്നും പൊതുജനങ്ങളോട് സംസാരിക്കവേയാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.
ഒരാളുടെ ജ്ഞാനസ്നാനത്തിന്റെ വാർഷികം എല്ലാ വർഷവും ജന്മദിനം പോലെ ആഘോഷിക്കണം. ജ്ഞാനസ്നാനത്തിലൂടെ എന്റെ ഉള്ളിൽ ഞാൻ വഹിക്കുന്ന മഹത്തായ സമ്മാനത്തെക്കുറിച്ച് ഞാൻ അറിയുന്നുണ്ടോ? എന്നു നമ്മുക്ക് സ്വയം ചോദിക്കാമെന്നും പാപ്പ പറഞ്ഞു. ഇന്നലെ തന്നെ, സിസ്‌റ്റൈൻ ചാപ്പലിൽവെച്ച് ഫ്രാൻസിസ് പാപ്പ 16 കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കിയിരിന്നു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം ജ്ഞാനസ്‌നാനമാണെന്ന് ഈ അവസരത്തില്‍ പാപ്പ പറഞ്ഞു. 1981-ല്‍ കർത്താവിന്റെ ജ്ഞാനസ്നാന തിരുനാള്‍ ദിനത്തില്‍ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ്, മാര്‍പാപ്പ കുഞ്ഞുങ്ങളെ സ്നാനപ്പെടുത്തുന്ന പാരമ്പര്യത്തിന് തുടക്കം കുറിച്ചത്.