പോങ്ങുംമൂട്: കുട്ടികളുടെ സർഗ്ഗാത്മകശേഷിയും പൊതുവിജ്ഞാനവും വളർത്താനുതകുന്ന ഫെറോനാതല മത്സരങ്ങൾ പേട്ട ഫെറോനയിൽ വിദ്യാഭ്യാസ ശൂശ്രൂഷ സംഘടിപ്പിച്ചു. ഇടവകതലത്തിൽ നടന്ന മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കാണ് ജനുവരി 7 ഞായറാഴ്ച പോങ്ങുംമൂട് മേരി നിലയം സ്കൂളിൽ ഫെറോനാതല മത്സരങ്ങൾ നടത്തിയത്. പത്ത് ഇടവകകളിൽ നിന്നായി തൊണ്ണൂറോളം കുട്ടികൾ കളറിംഗ്, ചിത്രരചന, പൊതുവിജ്ഞാന ചോദ്യോത്തര മത്സരങ്ങളിൽ പങ്കെടുത്തു.
കളറിംഗ് മത്സരം എൽ.പി വിഭാഗത്തിനും ചിത്രരചന മത്സരം യു.പി വിഭാഗത്തിനും പൊതുവിജ്ഞാന ചോദ്യോത്തര മത്സരം ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുമാണ് നടന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം മുട്ടട ഇടവകയിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികൾ കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ പേട്ട, വികാസ് നഗർ ഇടവകകളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. എൽ.പി, യു.പി വിഭാഗങ്ങളിലെ സമ്മാനർഹരെ മൂല്യനിർണ്ണയം പൂർത്തിയായ ശേഷം പ്രഖ്യാപിക്കും. ഫെബ്രുവരി 14-മാം തിയതി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.