കഴക്കൂട്ടം: ജിയോടെക്നിക്കൽ എഞ്ചിനീയറിംഗ് മേഖലയിലെ രണ്ടുദിവസത്തെ സാങ്കേതിക പരിപാടിയായ ജിയോകേരളം ’26 മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ കേരള വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് IAS ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജിയോടെക്നിക്കൽ സൊസൈറ്റിയുടെ കേരളത്തിലെ വിവിധ ചാപ്റ്ററുകളും മരിയൻ എഞ്ചിനീയറിംഗ് കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിൽ സമീപകാലത്ത് ഉണ്ടായ ജിയോടെക്നിക്കൽ തകരാറുകളെ ആസ്പദമാക്കിയ പാനൽ ചർച്ച, വനിതാ എഞ്ചിനീയർമാരുടെ സംഭാവനകൾ ഉയർത്തിക്കാട്ടുന്ന Women in Geotechnics പ്രത്യേക സെഷൻ, വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങൾ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്. മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ 25-ാം വാർഷികമായ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ പരിപാടി, അക്കാദമിക് മികവ്, ഗവേഷണ പുരോഗതി, സാമൂഹിക ഉത്തരവാദിത്വം എന്നിവയോടുള്ള സ്ഥാപനത്തിന്റെ ദീർഘകാല പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. കോളേജ് മാനേജർ ഫാ. എ. ആർ. ജോൺ, പ്രിൻസിപ്പൽ അബ്ദുൾ നിസാർ, ഐജിഎസ് പ്രസിഡന്റ് അനിൽ ജോസഫ്, സെക്രട്ടറി ഡോ. എ. പി. സിംഗ്, എൽബിഎസ് സെന്റർ ജോയിന്റ് ഡയറക്ടർ ഡോ. ജയമോഹൻ, ഐജിഎസ് ലോക്കൽ ചാപ്റ്ററുകളുടെ പ്രതിനിധികളായ എർ. ചക്രവർത്തി, ഡോ. ദിവ്യ, ഡോ. അനിൽ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.

