ആഴാകുളം: വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കത്തോലിക്ക സഭയുടെ കാരുണ്യപ്രവത്തനങ്ങളുടെ മുഖമാണെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ പറഞ്ഞു. കോവളം ആഴാകുളത്ത് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓസാനം കാരുണ്യ ഭവന്റെ 25-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സങ്കീർത്തനത്തിലെ വാർധക്യത്തിൽ എന്നെ തള്ളിക്കളയരുതേ എന്ന പ്രാർഥനയുടെ പ്രത്യുത്തരമാണ് പുരുഷ വയോധികർക്കായി പ്രവർത്തിക്കുന്ന ഈ കാരുണ്യഭവനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്കായി പണിതുകൊണ്ടിരുക്കുന്ന വൃദ്ധസദനത്തിന് അഭിവന്ദ്യ മെത്രാപ്പോലീത്ത ആശംസകൾ നേർന്നു. ഒപ്പം ഇതിന് പിന്നിൽ പ്രയത്നിക്കുന്ന വിൻസൻസൻഷ്യൻ സഹോദരങ്ങളെയും പരിചാരകരായി പ്രവർത്തിക്കുന്ന സന്യസ്തരേയും പിതാവ് അഭിനന്ദിച്ചു.
കാരുണ്യ ഭവനത്തിന്റെ 25-ാം വർഷികാഘോഷപരിപാടികളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ബ്രദർ ഡി. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കോവളം എം.എൽ.എ ശ്രീ വിൻസന്റ് എം,സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ജോസഫ് ബാസ്റ്റിൻ, മുൻ സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ജോർജ്ജ് ഗോമസ്, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ശ്രീകുമർ, തൊഴിച്ചൽ വാർഡ് മെമ്പർ ശ്രീ. വിജയ പ്രദീപ്, കോവളം ജനമൈത്രി പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീ. ബിജു. മുൻ പ്രസിഡന്റ് ബ്രദർ ഫ്രാൻസിസ് സ്റ്റീഫൻ, സുപ്പീരിയർ സിസ്റ്റർ ജസീന്ത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബ്രദർ ആന്റണി ലോപ്പസ് സ്വാഗതവും ബ്രദർ ഡോൺ ബോസ്കോ കൃതജ്ഞതയും പറഞ്ഞു. ബ്രദർ ലാറൻസ് റിപ്പോർട്ടവതരിപ്പിച്ചു. കാരുണ്യ ഭവനത്തിലെ അന്തേവാസികളും അഭ്യൂദകാംഷികളുമായ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.