തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത സംഘടിപ്പിച്ച ജൂബിലി വർഷ സമാപന സമ്മേളനത്തിൽ സുസ്ഥിര ആരോഗ്യവും സമൃദ്ധിയും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന സാന്ത്വനം ആരോഗ്യ സമൃദ്ധി പദ്ധതി ആർച് ബിഷപ്പ് എമിരിറ്റസ് ഡോ. എം സൂസപാക്യം ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ദർശനവും ലക്ഷ്യങ്ങളും ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ റവ. ഡോ. ലെനിൻ രാജ് അവതരിപ്പിച്ചു. പ്രത്യാശയുടെയും രോഗശാന്തിയുടെയും സന്ദേശം വിശ്വാസത്തിന്റെ സ്പഷ്ടമായ പ്രവർത്തികളിലൂടെ ദരിദ്രരും, രോഗികളും, പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സഭാ മക്കളിൽ അനുഭവവേദ്യമാക്കുവാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ജൂബിലി മെമ്മോറിയൽ ആശുപത്രിയുമായും TSSS മായും ബന്ധിപ്പിച്ച് അതിരൂപതയുടെ കീഴിൽ ഒരു സ്ഥിരം ആരോഗ്യ അപ്പോസ്തോലേറ്റായി ഈ പദ്ധതി പരിണമിക്കുമെന്ന് ഫാ .ലെനിൻ രാജ് അഭിപ്രായപ്പെട്ടു.

