വെള്ളയമ്പലം: ഡിസംബർ മാസം ബൈബിൾ പാരായണമാസമായി കേരള സഭ ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അതിരൂപതയിൽ അജപാലന ശൂശ്രൂഷയുടെ നേതൃത്വത്തിൽ അതിരൂപതാതല ഉദ്ഘാടനം ഡിസംബർ 1 വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് വെള്ളയമ്പലം ബിഷപ്സ് ഹൗസിൽ വച്ച് നടക്കും. വചനം മാംസമായി അവതരിച്ച ഉണ്ണിയേശുവിനെ ഹൃദയങ്ങളിൽ വരവേൽക്കാനുള്ള ഏറ്റവും ഉദാത്തമായ മാർഗ്ഗമെന്ന നിലയിലാണ് ആഗമനകാലം (ഡിസംബർ മാസം) ബൈബിൾ പാരായണ മാസമായി ആചരിക്കുന്നത്.
ഈ ദിവസങ്ങളിൽ ഭവനങ്ങൾ, ബിസിസി കൂട്ടായ്മകൾ, സഭാ സ്ഥാപനങ്ങൾ, ദൈവാലയങ്ങൾ എന്നിവടങ്ങളിൽ ബൈബിൾ പ്രതിഷ്ഠ നടത്തി ദിവസവും ബൈബിൾ പാരായണം ഉറപ്പ് വരുത്തണമെന്ന് അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യം സർക്കുലറിലൂടെ ആവശ്യപ്പെട്ടു. എല്ലാ കുടുംബങ്ങളിലും ബൈബിൾ എത്തിക്കുക, ഇടവകകളിൽ ബൈബിൾ എക്സിബിഷൻ സംഘടിപ്പിക്കുക എന്നിങ്ങനെയുള്ള വചനാധിഷ്ടിത പരിപാടികൾ സംഘടിപ്പിക്കണമെന്ന് അതിരൂപത അജപാലന ശുശ്രൂഷ ആവശ്യപ്പെടുന്നു.
അനുദിന ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകമായി ബൈബിള്‍ വായനയെ കണക്കാക്കണം എന്നാണ് സത്യം. കാരണം വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു(2 തിമോത്തേയോസ് 3 : 16-1) . ഈ ബൈബിൾ മാസാചരണം മുതൽ ജീവിതത്തിൽ തുടർന്നങ്ങോട്ട് അനുദിനം തിരുവചനം വായിക്കാനും ധ്യാനിക്കാനും പരിശ്രമിക്കാം