അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും വർണ്ണ ശബളമായ കലാ സൃഷ്ടികൾ ഉൾപ്പെടുത്തിയും സ്ട്രിംഗ് ഹെഡ്സ് മ്യൂസിക്ക് ഒരുക്കുന്ന ഓൾ ഗോ റിഥം എന്ന പേരിലുള്ള യുവജന സംഗീത സംഗമം നവംബർ 26 ന് തൃക്കാക്കര ഭാരത മാതാ കോളേജ് ഗ്രൗണ്ടിൽ നടക്കും. കെസിബിസി യൂത്ത്, മാധ്യമ കമ്മിഷനുകളുടേയും ശാലോം വേൾഡ് ടെലിവിഷന്റേയും, ജീസസ് യൂത്ത് മീഡിയ വിഭാഗമായ കെയ്റോസിന്റേയും
സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യാന്തരതലത്തിൽ പ്രശസ്തരായ സംഗീതജ്ഞരും ഗായകരും സംഗീത വേദിയിൽ അണിചേരും.
രാവിലെ 10 ന് ആരംഭിക്കുന്ന ആദ്യസെഷനിൽ വിശ്വാസ ജീവതത്തെ ആഴത്തിൽ സ്പർശിക്കുന്ന വിവിധ സിമ്പോസിയങ്ങൾ, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സെമിനാറുകൾ, പ്രോലൈഫ് പ്രദർശനങ്ങൾ, ചിന്തയും ചിരിയുമുയർത്തുന്ന വിനോദ പരിപാടികൾ, സഭാപഠനങ്ങൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് 3 മണിക്കാണ് പ്രധാന സംഗീത പരിപാടി ആരംഭിക്കുന്നത്. ആഗോളതലത്തിൽ പ്രശസ്തരായ വി.ജെ. ട്രാവൻ, ബെന്നി പ്രസാദ്, ഷെൽഡൻ ബംഗേര, മാസ്റ്റർ പ്ലാൻ, ആക്റ്റ്സ് ഓഫ് അപോസ്റ്റിൽസ്, വോക്സ് ക്രിസ്റ്റി തുടങ്ങിയ മ്യൂസിക്ബാ ൻഡുകൾ അണിനിരക്കും.
കെസിബിസി പ്രസിഡന്റ് കാർഡിനൽ മാർ ജോർജ് ആലഞ്ചേരി ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു. വിശ്വാസതീക്ഷണതയിൽ യുവത്വം പ്രശോഭിക്കാൻ ഇത്തരത്തിലുള്ള സംഗമങ്ങളിലൂടെ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഇൻഡ്യയിൽ ആദ്യമായാണ് ഇത്തരമൊരു മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ബാഗ്ളൂർ, ഡെൽഹി, ദുബായ് എന്നിവിടങ്ങളിൽ തുടർന്നുള്ള മാസങ്ങളിൽ ഇത്തരം സംഗമങ്ങൾ നടത്തും. സംഗീതത്തിലൂടെ ആത്മീയജീവിതത്തിലേക്ക് യുവജനങ്ങളെ കൈപിടിച്ചു നടത്തുക എന്നതാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം എന്ന് പ്രോഗ്രാം ഡയറക്ടർ റിനോയ് ശിവാനന്ദൻ പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.