Report by : Aleena L.
ഭ്രൂണഹത്യ “മനുഷ്യാവകാശമാണ്” എന്ന യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ച റിപ്പോർട്ടിലെ വാദത്തെ പരിശുദ്ധ സിംഹാസനം പൂർണ്ണമായും നിഷേധിക്കുന്നുവെന്ന് വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ചുബിഷപ്പ് പോൾ ഗാല്ലഗർ വ്യക്തമാക്കി. ജൂലൈ 7 ന് പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബൺ സന്ദർശനത്തിലാണ് ആർച്ച് ബിഷപ്പ് പോൾ ഗാല്ലഗർ ഇക്കാര്യം വ്യക്തമാക്കിയത്.
ഭ്രൂണഹത്യയെ അനുകൂലിക്കുന്ന “ആരോഗ്യ സംരക്ഷണം” എന്ന തലക്കെട്ടോടെയുള്ള റിപ്പോർട്ടിനെ അനുകൂലിച്ച് യൂറോപ്യൻ പാർലമെന്റ് കഴിഞ്ഞ മാസം വോട്ടുചെയ്തിരുന്നു. പാർലമെൻറ് അംഗങ്ങളിൽ 378 പേർ അനുകൂലിച്ചും 25 പേർ പ്രതികൂലിച്ചുമാണ് വോട്ട്ചെയ്തത്.
“ഏത് സാഹചര്യത്തിലും, ഏത് നിയമവും പുറപ്പെടുവിച്ചാലും മനസാക്ഷിക്ക് നിരക്കാത്ത, ഇത്തരം പ്രവണതകൾ സംരക്ഷിക്കുന്ന തരത്തിൽ പുതിയ നിയമനടപടികൾ കൈക്കൊള്ളുന്നത്തിൽ ഞങ്ങൾ യോജിക്കുന്നില്ലായെന്നും, ഭ്രൂണഹത്യ ഇന്നിൻറെ ലോകത്തിൽ കൂടുതലായി കണ്ടുവരുന്ന പ്രവണതയാണെന്നും അതിനാൽ തന്നെ യൂറോപ്യൻ പാർലമെന്റിൻറെ തീരുമാനങ്ങളിൽ ഞങ്ങൾ നിരാശരാണെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 ൽ ലോക യുവജന ദിനത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന പോർച്ചുഗൽ സന്ദർശനത്തിനിടെ ഗാല്ലഗർ പോർച്ചുഗീസ് വിദേശകാര്യ മന്ത്രി അഗസ്റ്റോ സാന്റോസ് സിൽവയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ലക്ഷക്കണക്കിന് ചെറുപ്പക്കാർ എത്തിച്ചേരുന്ന മഹാസംഗമത്തിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കുമെന്ന് പ്രതീഷിക്കുന്നതായി പോർച്ചുഗീസ് അധികൃതർ അറിയിച്ചു.