തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ പുതുക്കുറിച്ചി ഫെറോനയിലെ ശാന്തിപുരം ഇടവക രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന് തുടക്കമായി. ജൂൺ 14-ാം തീയതി തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റവ. ഡോ. ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയോടുകൂടിയാണ് ഇടവകയിൽ ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ദിവ്യബലിയിൽ ശാന്തിപുരം ഇടവക വികാരി ഫാ. ഷൈനിഷ് ബോസ്കോ, അതിരൂപത ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ എന്നിവർ പങ്കെടുത്തു.
അതിരൂപതയിൽ സേവനം ചെയ്യുന്ന 25 കോൺഗ്രിഗേഷനിൽ നിന്നുള്ള 25 സിസ്റ്റേഴ്സ് ഈ ഹോം മിഷൻ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികത്വം വഹിക്കും. ജൂൺ മാസം 25-ാം തീയതി അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നേറ്റോയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയോടു കൂടിയാണ് ഹോം മിഷൻ പ്രവർത്തനങ്ങൾക്ക് സമാപനം കുറിക്കുന്നത്. ഇടവക പാരിഷ് കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങൾ നടപ്പിലാക്കും.