തെക്കേ കൊല്ലംകോട് പരുത്തിയൂർ ഇടവകകൾ സംയുക്തമായി കുളത്തൂർ കാരോട് പഞ്ചായത്തുകളിലെ എല്ലാ മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് ഉച്ചക്കട ജംഗ്ഷൻ,പൂവാർ, കളിയിക്കാവിള റോഡ് ഉപരോധിച്ചു. അധികാരികളെ നേരിൽകണ്ട് കടലാക്രമണംമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ആദ്യ ചുവടുവയ്‌പ്പെന്നനിലയിൽ നടത്തിയ റോഡ് ഉപരോധം അതിരൂപത സഹ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ. ഉത്ഘാടനം ചെയ്തു.
പൊഴിയൂർ ജംഗ്‌ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി ഉച്ചക്കട ജംഗ്‌ഷനിൽ സമാപിച്ചു. ശക്തമായ കടൽക്ഷോഭംമൂലം പ്രദേശത്തുണ്ടായ നാശനഷ്ടങ്ങൾക്ക് ഉടനടി പരിഹാരം കണ്ടെത്തണമെന്നും, പുനരിധിവാസ പദ്ധതികൾ ഉടനടി നടപ്പിലാക്കണമെന്നുമാവശ്യപ്പെട്ടുകൊണ്ട് നിരവധിപേർ പ്രതിഷേധത്തിലണിനിരന്നു.
ഉച്ചക്കട ജംഗ്‌ഷനിൽ നടന്ന റോഡുപരോധം പുല്ലുവിള ഫെറോനാ വികാരി ഫാ. സിൽവസ്റ്റർ കുരിശ് ഉത്ഘാടനം ചെയ്തു. പരുത്തിയൂർ ഇടവക വികാരി ഫാ. ജേക്കബ് സ്റ്റെല്ലസ്, അതിരൂപത മത്സ്യത്തൊഴിലാളി ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജിൻ ജോസ്, പരുത്തിയൂർ സഹവികാരി ഫാ. റോബിൻ എന്നിവർ സംസാരിച്ചു.