ഇന്നലെ നടന്ന നിയമസഭ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം സമരത്തെപ്പറ്റിയും സമരത്തിലൂടെ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളേയുംപ്പറ്റി അവതരിപ്പിച്ച വാഗ്ദാനങ്ങൾ അപര്യാപ്തമാണെന്ന് സമരസമിതി മാധ്യമങ്ങളോട്. രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ടും വിജിലൻസ് കമ്മിറ്റി റിപ്പോർട്ടും പുറത്തു വിടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പൊതു സമൂഹത്തിനുമുന്നിൽ സൽപ്പേര് നേടാനുള്ള മുഖ്യന്റെ തന്ത്രത്തിനു തക്കതായ മറുപടിയാണ് സമരസമിതി നൽകിയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം മൂലം ഉണ്ടായിട്ടുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്ന ഒന്നാമത്തെ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയിൽ വ്യക്തമായ മറുപടി ഒന്നും തന്നെയില്ല.പരിഹാരമുണ്ടാക്കാൻ സർക്കാർ തയ്യാറാണെന്ന കേവല പ്രസ്താവന മാത്രമാണ് മുഖ്യന്റെ ഭാഗത്തുനിന്നുണ്ടായത്.തീരശോഷണം മൂലം വീടുകൾ നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീട് വാടകക്കെടുക്കുന്നതിന് 5500 രൂപ പ്രതിമാസം നൽകാമെന്നാണ് രണ്ടാമത്തെ ആവശ്യത്തെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത്.വീട് വാടകയ്‌ക്കെടുക്കുമ്പോൾ കൂടിയ തുക വാടയായി നൽകേണ്ടി വരുമെന്ന വസ്തുതയെ മുഖ്യമന്ത്രി മറന്ന് പോയതാണോ എന്ന് ഈ പ്രസ്ഥാവനയിലൂടെ ചോദിക്കേണ്ടിയിരിക്കുന്നു.ഈ പ്രസ്ഥാവനയുടെ പരിഹാരമായി സർക്കാർ തന്നെ വീടുകൾ വാടകയ്‌ക്കെടുത്ത് ക്യാമ്പുകളിലായിരിക്കുന്നവർക്ക് നൽകണമെന്നാണ് സമിതിയുടെ ന്യായമായ നിലപാട്.
വീടും സ്ഥലവും നഷ്ട്ടമായവർക്ക് വീടും സ്ഥലവും നൽകി പുനരധിവസിപ്പിക്കുകയെന്ന മൂന്നാമത്തെ ആവശ്യത്തിനു അദ്ദേഹം നൽകിയ മറുപടി വീടും സ്ഥലവും നഷ്ട്ടമായവർക്ക് 10 ലക്ഷം രൂപ വീടിനും സ്ഥലത്തിനുമായി നൽകാമെന്നാണ്.പട്ടയമുള്ളതും നിലവിൽ വില്ലേജ് ഓഫീസുകളിൽ കരമടക്കുന്നതുമായ വസ്തുവകകളാണ് നഷ്ടമായത്. അതുകൊണ്ട് തന്നെ തുല്യവിസ്തീർണമുള്ള വസ്തു നൽകുകയും ഉണ്ടായിരുന്ന വീടിനു സമാനമായ വീടുകൾ നൽകുകയും വേണം. തുറമുഖ നിർമ്മാണം നിർത്തിവച്ച് തദ്ദേശവാസികളെക്കൂടി ഉൾപ്പെടുത്തി സ്വതന്ത്ര പഠനം നടത്തണമെന്ന നാലാമത്തെ ആവശ്യത്തെ സംബന്ധിച്ച് നൽകിയ പ്രസ്താവന തുറമുഖ നിർമ്മാണം യാതൊരു കാരണവശാലും നിർത്തി വയ്ക്കാനാവില്ലെന്നും പഠനത്തിനായി വിദഗ്ധ സമിതിയെ നിയമിക്കാമെന്നുമാണ്.മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയിലൂടെ പ്രധാനമായും രണ്ടുകാര്യങ്ങൾ വ്യക്തമായി മനസിലാക്കാം.പഠനത്തിലൂടെ വ്യക്തമാക്കുന്നത് എന്തു തന്നെയായാലും തുറമുഖ പദ്ധതി ഉപേക്ഷിക്കില്ലെന്നും, യാതൊരു കാരണവശാലും തുറമുഖ നിർമ്മാണം നിർത്തണമെന്ന നിർദ്ദേശം പഠന റിപ്പോർട്ടിൽ ഉണ്ടാവരുതെന്ന സൂചനയാണ് ഇത്ര കടുംപിടുത്തത്തോടെ നിയമിക്കുന്ന വിദഗ്ദ സമിതിക്ക് അദ്ദേഹം നൽകുന്നത്.
മണ്ണെണ്ണ വിലയെ സംബന്ധിച്ച പ്രസ്താവന നിർഭാഗ്യകരം. ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിനുള്ള മണ്ണെണ്ണ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാവില്ലെന്നാണ് സർക്കാർ പറയുന്നത്.തമിഴ്നാട് സർക്കാരിന് കഴിയുന്ന കാര്യം എന്തുകൊണ്ട് കേരളസർക്കാരിനാവുന്നില്ലെന്ന ചോദ്യമുയർന്നാൽ സർക്കാരിന് ഉത്തരവുമുണ്ടാവില്ലെന്നാണ് സമര സമിതി വ്യക്തമാക്കുന്നത്.
ഈ ആധുനിക കാലത്ത് പുരോഗമന വീക്ഷണം പുലർത്തുന്ന ഒരാളിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ഒരു വാഗ്ദാനമല്ല മുഖ്യന്റെ ഭാഗത്ത് നിന്നുണ്ടായതെന്നു തെളിവ് സഹിതം വിശദീകരിച്ചിരിക്കുകയാണ് ലെത്തീൻ അതിരൂപത.