ശാരീരിക അസ്വസ്ഥതയൊക്കെ മറന്ന് സമരമുഖത്തെത്തി വലിയ ഇടയൻ. സമരക്കാർക്കൊപ്പം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചു. ആനിയാടി സമയത്ത് വിഴിഞ്ഞത്തെ ആശ്രയിച്ച് ജീവിച്ചു പോരുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മരവിപ്പിച്ചു കൊണ്ടാണ് ഇവിടെ ഈ തുറമുഖ നിർമ്മാണം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ ജനതയുടെ ജീവിതം ഇല്ലാതാക്കിക്കൊണ്ടുള്ള നിർമ്മാണ പ്രവർത്തനം തീരദേശത്ത് ഒത്തിരി നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. തുറമുഖ പദ്ധതി ഇവിടെ ആരംഭിച്ചപ്പോൾ നമ്മുടെ ജനത രണ്ടായി ഭിന്നിച്ചിരിക്കുകയായിരുന്നു. അനുകൂലികളായി ചിലരും പോർട്ടിനെതിരായി ചിലരും. അന്ന് സമരനയവുമായി മുന്നോട്ടു വന്നവരെ വികസന വിരോധികളായി സമൂഹം മുദ്രകുത്തി. അന്ന് നമുക്ക് എടുത്തു പറയാൻ അനുഭവങ്ങൾ ഇല്ലായിരുന്നു. എന്നാൽ ഇന്ന് പറയാൻ മാത്രമല്ല അനുഭവിച്ചറിഞ്ഞ അനുഭവ പാഠങ്ങളുമുണ്ട്.
ഈ സമരത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെയും എന്ത് ത്യാഗം സഹിച്ചും ഈ ജനതയ്ക്കൊപ്പം താനും ഉണ്ടാവുമെന്ന് വലിയ ഇടയൻ പ്രഖ്യാപിച്ചു. അവകാശങ്ങൾക്കായി നമ്മൾ മുറവിളി കൂടുമ്പോൾ ഭരണനേതാക്കൾ മോഹന വാഗ്ദാനങ്ങൾ നൽകി നമ്മളെ കബളിപ്പിക്കുന്നു. ഇത്രനാളും ഇവർ നൽകിയ ഉറപ്പുകൾ നിറവേറ്റപ്പെടുമെന്ന് നാം വിശ്വസിച്ചു കാത്തിരുന്നു. എന്നാൽ ഇനി അങ്ങനെ എല്ലാം സഹിച്ചു മുന്നോട്ടു പോകാൻ ആവില്ലയെന്നതിന്റെ സൂചനയാണ് ഈ സമരം.സമരത്തിന് ഐക്യദാർഢ്യവുമായി കടന്നുവന്ന എല്ലാ സമുദായ നേതാക്കൾക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി അർപ്പിച്ചു.