തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ ജൂൺ 20 മുതൽ ആരംഭിച്ച അനിശ്ചിതകാല അവകാശ സമരം ഇടവകകളിലും ഫെറോനാ തലങ്ങളിലുമായി തുടരുകയാണ്. അവകാശ പോരാട്ടത്തിന്റെ തുടർച്ചയായി അഞ്ചുതെങ്ങ് ഇടവകയിലെ മതബോധന വിദ്യാർഥികളും അധ്യാപകരും മുദ്രാവാക്യങ്ങളുമായി നിരത്തിലിറങ്ങി. ഇടവക വികാരി ഫാ. ലൂസിയൻ തോമസിന്റെ നേതൃത്വത്തിലാണ് ഇടവകയിലെ കുട്ടികൾ തങ്ങൾക്ക് നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന നല്ലൊരു ഭാവിക്കായി പോരാടാൻ തയ്യാറായത്. കടൽകവരുന്ന വീടും കളിയിടങ്ങളും തങ്ങളുടെ അവകാശമാണെന്നും അത് നഷ്ട്ടമാകുന്നത് സർക്കാരിന്റെ ബോധപൂർവ്വമായ നയങ്ങളാലാണെന്നും അഞ്ചുതെങ്ങിലെ ഞങ്ങൾക്ക് പോലുമറിയാം എന്ന് കുട്ടികൾ പറയുന്നു.