തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ 14 വർഷത്തിനുള്ളിൽ 647 ഏക്കർ ഭൂമി കടലെടുത്തതായി കേരള സർവ്വകലാശാല ജിയോളജി വകുപ്പ് വിദഗ്ധ സംഘത്തിന്റെ പഠനറിപ്പോർട്ട് വാർത്തയാക്കി നൽകി മാധ്യമങ്ങൾ.
ജില്ലയിലെ തെക്ക് തീരദേശ ഗ്രാമമായ പൊഴിയൂർ മുതൽ വടക്ക് അഞ്ചുതെങ്ങ് വരെയുള്ള 58 കിലോമീറ്റർ തീരത്താണ് ഈ ചുരുങ്ങിയ കാലയളവിൽ നഷ്ടമായിരിക്കുന്നത് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചില ഭാഗങ്ങളിൽ 35 അടി ഉള്ളിലോട്ട് കയറിയാണ് തിരകളുടെ ഭൂമി കവർച്ച. 58 കിലോമീറ്ററിൽ 300-ലേറെ വീടുകൾ കടലെടുത്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചില മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഭാഗികമായി തന്നെ ഇല്ലാതായി. ഓരോ വർഷവും അഞ്ചു മീറ്റർ തീരമാണ് കടലിൽ ചേരുന്നത്. എന്നാൽ വേളി, ശംഖുമുഖം, കഠിനംകുളം, മുല്ലൂർ,വിഴിഞ്ഞം, പെരുമാതുറ, അഞ്ചുതെങ്ങ് എന്നീ ഭാഗങ്ങളിൽ പ്രതിവർഷം 10.59 മീറ്റർ വരെയാണ് കടൽ കവരുന്നത്. ശംഖുമുഖം ഭാഗത്ത് 25 വർഷത്തിനിടെ മുക്കാൽ കിലോമീറ്ററോളം കടലെടുത്തു.
കടലിനരകിൽ കല്ലുകളടുക്കി കടലാക്രമണം തടയുന്നത് ശാസ്ത്രീയമായ മാർഗ്ഗമല്ല. ഇത് കടലിൽ കല്ലിടുന്നതിന് തുല്യമാണ്. ഇത്തരം അശാസ്ത്രീയമായ നിർമ്മാണങ്ങൾ മൂലം കോടിക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് നഷ്ടമാകുന്നത്. കടലിനുള്ളിൽ കൃത്രിമ പവിഴപുറ്റുകൾ നിർമ്മിച്ചും ബ്രേക്ക് വാട്ടറുകൾ പണിതും തീരത്തേക്കടിക്കുന്ന തിരകളെ തടുക്കുന്നതാണ് ശാസ്ത്രീയമായ മാർഗ്ഗമെന്നുമാണ് റിപ്പോർട്ട് പറയുന്നത്.
കടലാക്രമണം മൂലമുണ്ടാകുന്ന തീര ശോഷണം തുടർന്നാൽ 10 വർഷത്തിനുള്ളിൽ തിരുവനന്തപുരം വിമാനത്താവളം കടലെടുക്കുമെന്നുമുണ്ട് പഠനത്തിൽ. ശംഖുമുഖത്ത് കടലാക്രമണം ശക്തമായി തുടരുന്നതിനാൽ വിമാനത്താവളത്തിന്റെ സ്ഥിതി അപകടത്തിലാണ്.വിമാനത്താവളത്തെ സംരക്ഷിക്കാൻ ശങ്കുമുഖം, കണ്ണാന്തുറ, വേളി,തോപ്പ്,പൂന്തുറ എന്നിവിടങ്ങളിൽ യുദ്ധ കാലാടിസ്ഥാനത്തിൽ കൃത്രിമ കടൽപുറ്റുകൾ നിർമ്മിക്കുക എന്നതാണ് പഠന സംഘത്തിന്റെ പ്രധാന ശുപാർശ. അഞ്ചു വർഷത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ വിമാനത്താവളവും ആറാട്ടുകടവും ശംഖുമുഖം കൊട്ടാരവും ഉൾപ്പെടെയുള്ള പൈതൃക പ്രദേശങ്ങൾ നഷ്ടമാകുമെന്ന ആശങ്ക റിപ്പോർട്ട് പങ്കുവയ്ക്കുന്നു. അപ്പോഴും അസാധാരണമായ ഈ തീരശോഷണത്തിന് കാരണമെന്തെന്നു പഠന റിപ്പോർട്ട് പറയുന്നില്ല.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ തീരപ്രദേശവാസികൾ വർഷങ്ങളായി പങ്കുവയ്ക്കുന്ന ആശങ്കകൾ അസ്ഥാനത്തല്ല എന്ന് സൂചിപ്പിക്കുമ്പോഴും പൊതുസമൂഹത്തിന്റെയും സാംസ്കാരിക പാരിസ്ഥിതിക പ്രവർത്തകരുടെയൂം നിസംഗതയും നിശബ്ദതയും സംശയം ജനിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.