അർജന്റീന: ലിയോ പതിനാലാമൻ പാപ്പായുടെ അർജന്റീനിയയിലേക്കുള്ള സന്ദർശന വേളയിൽ, ബുഎനസ് ഐറസിലെ പൊന്തിഫിക്കൽ കത്തോലിക്കാ സർവ്വകലാശാലയിൽ വച്ച്, സാമൂഹിക-തൊഴിൽ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തി. മനുഷ്യന്റെ ആത്മാവിനെ ദൈവത്തിലേക്ക് ഉയർത്താനും, നമ്മുടെ ദൈനംദിന ജീവിതത്തെ മുൻപോട്ടു നയിക്കുവാനും സംഗീതം നമ്മെ സഹായിക്കുന്നതുപോലെ, കർത്താവിന്റെ അത്ഭുതകരവും, ഏകോപനാത്മകവുമായ കരവേലയോട് സഹകരിക്കുവാൻ തൊഴിൽ നമ്മെ ക്ഷണിക്കുന്നുവെന്ന ആമുഖത്തോടെയാണ് കൂടിക്കാഴ്ചാവേളയിൽ നൽകിയ സന്ദേശം ആരംഭിച്ചത്.
തൊഴിലാളികൾ, സംരംഭകർ, അക്കാദമിക് പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട്, തൊഴിലിന്റെ മാഹാത്മ്യത്തെപ്പറ്റി പാപ്പാ സംസാരിച്ചു. ജോലി എന്നത് കേവലം ഒരു ഉൽപ്പാദന ഉപാധിയോ സംഘർഷത്തിനുള്ള വഴിയോ അല്ല, മറിച്ച് സ്രഷ്ടാവിന്റെ കരവേലയിൽ പങ്കാളിയാകാനുള്ള അവസരമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സാമ്പത്തിക സംവിധാനങ്ങൾ മനുഷ്യന്റെ സേവനത്തിനായിരിക്കണം നിലകൊള്ളേണ്ടതെന്നും, അതിനാൽ തൊഴിലില്ലായ്മ എന്നത് ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല, മറിച്ച് ഒരു വ്യക്തിയുടെ അന്തസ്സിന് ഏൽക്കുന്ന കഠിനമായ മുറിവാണെന്നും, ശക്തമായ ഭാഷയിൽ പാപ്പാ ഉദ്ബോധിപ്പിച്ചു.
സ്വകാര്യ സ്വത്തിനുള്ള അവകാശത്തെ സഭ അംഗീകരിക്കുന്നുണ്ടെങ്കിലും, ഭൂമിയുടെ വിഭവങ്ങൾ മനുഷ്യരാശിക്കു ഒന്നാകെ അവകാശപ്പെട്ടതാണെന്ന തത്വം മറക്കരുതെന്നു പാപ്പാ ചൂണ്ടിക്കാട്ടി. പ്രകൃതിവിഭവങ്ങളുടെ സംരക്ഷകരായ നാം അസമത്വങ്ങൾ ഇല്ലാതാക്കി ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകണമെന്നും, ഇത് കേവലം സഹതാപത്തിന്റെ വിഷയമല്ല, മറിച്ച് ഉത്തരവാദിത്തമുള്ള ഐക്യദാർഢ്യത്തിന്റെ ആവശ്യകതയാണെന്നും പാപ്പാ എടുത്തുപറഞ്ഞു.
ഭരണകൂടങ്ങൾ പ്രാദേശിക സംഘടനകളെയും ഇടനില സ്ഥാപനങ്ങളെയും അടിച്ചമർത്താതെ അവരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നു ചൂണ്ടിക്കാട്ടി. സംരംഭകർ തങ്ങളുടെ ബിസിനസ്സുകളിൽ സാമ്പത്തിക ലാഭത്തിനപ്പുറം തൊഴിലിന്റെ അന്തസ്സിനും, പരിസ്ഥിതി സുസ്ഥിരതയ്ക്കും മുൻഗണന നൽകണമെന്നും, തൊഴിലാളികളുടെ മാന്യമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിലും ഐക്യദാർഢ്യം വളർത്തുന്നതിലും ട്രേഡ് യൂണിയനുകൾ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്നും പാപ്പാ പറഞ്ഞു.

