എറണാകുളം: കേരളത്തിലെ ലത്തിൻ രൂപതകളിലെ കുടുംബശുശ്രൂഷ പ്രവർത്തകരുടെ ദ്വിദിന നേതൃസംഗമം സമാപിച്ചു. ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക ലേഖനം ‘അമോറിസ് ലെറ്റിഷ്യ’യുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ‘കുടുംബം ഒരു ആനന്ദം’ എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന സിമ്പോസിയത്തിന്റെ സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കെ.ആർ എൽ. സി.സി ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറത്തറ ആശംസകളർപ്പിച്ച് സംസാരിച്ചു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മിഷൻ ഡയറക്ടർ ഫാ. അലക്സ് കൂരിശുപറമ്പിൽസ്വാഗതവും, കെ. ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. എ ആർ ജോൺ കൃതജ്ഞതയും പറഞ്ഞു.
അപ്പസ്തോലിക ലേഖനം ‘അമോറിസ് ലെറ്റിഷ്യ’യിലെ വിവിധ അധ്യായങ്ങളിന്മേൽ ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, ഫാ. ഡോ. എ ആർ ജോൺ, കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ. ജോയി പൈനാടത്ത്, ആലുവ പൊന്തിഫിക്കൽ സെമിനാരി ദൈവശാസ്ത്രജ്ഞൻ ഡോ. സ്റ്റാൻലി മാതിരിപ്പള്ളി, മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ്, എഴുത്തുകാരനും ധ്യാനഗുരുവുമായ ഫാ. ബോബി ജോസ് കട്ടിക്കാട്, ശ്രീജിത്ത് ഐ.പി.എസ് എന്നിവർ ദ്വിദിന സിമ്പോസിയത്തിൽ ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി. പ്രസ്തുത സമ്മേളനത്തിൽ ‘ഫമിലിയ’ വിവാഹ ഒരുക്ക കോഴ്സിനുള്ള ഇംഗ്ലീഷ് ഭാഷയിലുള്ള വർക്ക്ബുക്ക് പ്രകാശനം ചെയ്തു.

