സിറ്റി: കസ്തേൽ ഗണ്ഡോൾഫോയിലെ വേനൽക്കാല വസതിക്കു സമീപമുള്ള അൽബാനോ തടാകത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ മരിയൻ പ്രദക്ഷിണത്തിലും വിശുദ്ധ കുർബാനയിലും പങ്കുചേർന്ന് ലിയോ പാപ്പ. തടാകത്തിലൂടെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് വള്ളത്തിൽ നടന്ന പ്രദക്ഷിണത്തിന് ചരിത്രത്തിലാദ്യമായാണ് ഒരു പാപ്പ മുഖ്യകാർമികത്വം വഹിക്കുന്നത് എന്നത് സവിശേഷതയായി. യുദ്ധങ്ങളും ദുരന്തങ്ങളും മൂലം മുറിവേറ്റ കുട്ടികളെയും ലോകസമാധാനത്തെയും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിനായി മാർപാപ്പ പ്രത്യേകമായി സമർപ്പിച്ചു. വിശുദ്ധ പോൾ ആറാമൻ മാർപാപ്പ ആശീർവദിച്ച ‘മരിയ സാന്തിസിമ ദെൽ ലാഗോ’ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ച ശേഷമാണ് മാർപാപ്പയുടെ നേതൃത്വത്തിൽ തടാകത്തിലൂടെയുള്ള പ്രദക്ഷിണം ആരംഭിച്ചത്.
മഞ്ഞ, വെള്ള പൂക്കളാൽ മനോഹരമായി അലങ്കരിച്ച ‘ഫാൽകോ’ എന്ന ബോൂട്ടിലാണ് മാതാവിന്റെ തിരുസ്വരൂപം സംവഹിച്ചത്. പത്തോളം ചെറുബോട്ടുകളും കയാക്കിങ് താരങ്ങളുടെ തുഴച്ചിൽ വള്ളങ്ങളും സുരക്ഷാസേനയുടെ ബോട്ടുകളും മാർപാപ്പയുടെ ബോട്ടിനെ അനുഗമിച്ചു. വിശുദ്ധ പോൾ ആറാമനും വിശുദ്ധ ജോൺ പോൾ രണ്ടാമനും ഈ പള്ളി സന്ദർശിച്ചിട്ടുണ്ടെങ്കിലും തടാകത്തിലൂടെയുള്ള ചരിത്രപ്രധാനമായ ഈ പ്രദക്ഷിണത്തിൽ അവർ പങ്കെടുത്തിരുന്നില്ല. സൃഷ്ടിപ്രപഞ്ചത്തോടുള്ള പാപ്പയുടെ വലിയ ആദരവാണ് ഈ സന്ദർശനമെന്ന് ഇടവക വികാരി ഫാ. ഡോൺ തദേവൂസ് പറഞ്ഞു. പ്രകൃതിരമണീയമായ അൽബാനോ തടാകവും പരിസരവും സംരക്ഷിക്കപ്പെടണമെന്ന ശക്തമായ സന്ദേശമാണ് ഈ യാത്രയിലൂടെ നൽകുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.
തടാകതീരത്തു നടത്തിയ പ്രാർത്ഥനയിൽ യുദ്ധങ്ങളിൽ മുറിവേറ്റ കുട്ടികളെ മാതാവിന്റെ സ്നേഹമസൃണമായ സംരക്ഷണത്തിലേക്ക് പാപ്പ ഭാരമേൽപ്പിച്ചു. “എല്ലാവരിലും സമാധാനത്തിനുള്ള ആഗ്രഹം വളർത്താൻ മാതാവ് ഇടയാക്കട്ടെ. വെറുപ്പ് വളരുന്നിടത്ത് ക്ഷമിക്കാനും ഭയം നിറയുന്നിടത്ത് പ്രത്യാശ വീണ്ടെടുക്കാനും ഞങ്ങളെ പഠിപ്പിക്കണമേ”- പാപ്പ പ്രാർത്ഥിച്ചു. കുഞ്ഞുങ്ങൾ, വയോധികർ, രോഗികൾ, ഏകാന്തത അനുഭവിക്കുന്നവർ എന്നിവർക്കായും, നീതിയും മനുഷ്യന്റെ അന്തസും ഉറപ്പാക്കാൻ ഭരണാധികാരികൾക്ക് കരുത്തുലഭിക്കുന്നതിനായും പാപ്പ പ്രത്യേകമായി പ്രാർത്ഥിച്ചു.
