ഇടുക്കി: ‘എന്നെ ഒരു മകനെപ്പോലെ കണ്ട് പത്തു മിനിറ്റ് താ ചേട്ടാ, എന്തു പ്രശ്നവും നമുക്ക് പരിഹരിക്കാം.’ യൂണിഫോം ധരിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ജനാലക്കരികില്‍ നിന്നു പറഞ്ഞ ആ വാക്കുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ആര്‍ദ്രത നിറഞ്ഞ വാക്കുകള്‍ക്ക് മദ്യലഹരിയില്‍ ആത്മഹത്യക്ക് ഒരുങ്ങിയ കുടുംബനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞു.
ഇടുക്കി തടിയമ്പാട് സ്വദേശിയായ ഗൃഹനാഥനാണ് ഇക്കഴിഞ്ഞ 25ന് ആത്മഹത്യ ചെയ്യാനൊരുങ്ങിയത്. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടി കഴുത്തില്‍ കേബിള്‍ മുറുക്കാന്‍ ഒരുങ്ങുകയായിരുന്നു അയാള്‍. ബലം പ്രയോഗിച്ച് അകത്തു കയറാന്‍ ശ്രമിച്ചാല്‍ അതിനുള്ളില്‍ ആ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്ന് ഇടുക്കി എസ്‌ഐ ടി.ബി ബിബിന് മനസിലായി. 40 മിനിറ്റോളം സംസാരിച്ചിട്ടും അയാള്‍ വഴങ്ങിയില്ല. ഒടുവില്‍ കണ്ണടച്ച് മരണത്തിലേക്ക് പോകുന്നു എന്നു തോന്നിയ നിമിഷമാണ് എന്നെ ഒരു മകനെപ്പോലെ കാണണമെന്ന് അപേക്ഷപോലെ എസ്.ഐ പറഞ്ഞത്.
ചെറുപ്പക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ അനുകമ്പ നിറഞ്ഞ വാക്കുകള്‍ ആ മനുഷ്യനില്‍ വീണ്ടുവിചാരത്തിന് കാരണമായി. മുറി തുറന്നപ്പോള്‍ പോലീസ് രീതിയിലല്ല എസ്.ഐ നേരിട്ടതും. സമയമെടുത്ത് അവരുടെ കുടുംബ പ്രശ്‌നം കേട്ട് കൗണ്‍സിലിംഗ് നല്‍കി അതു പരിഹരിച്ചാണ് അവിടെനിന്നും മടങ്ങിയത്. എറണാകുളം വടക്കന്‍പറവൂര്‍ സ്വദേശിയായ എസ്.ഐ ബിബിന്‍ എട്ട് വര്‍ഷമായി സര്‍വീസില്‍ കയറിയിട്ട്. ഇടുക്കി സ്‌റ്റേഷനില്‍ ചാര്‍ജ് എടുത്തിട്ട് രണ്ടു ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിനെ ദൈവാനുഗ്രഹമെന്നാണ് എസ്.ഐ ബിബിന്‍ പിന്നീട് വിശേഷിപ്പിച്ചത്.
