പാളയം: തിരുവന്തപുരം ലത്തീൻ അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന മതബോധന അധ്യാപകരുടെയും വിദ്യാർഥികളുടെയും ‘വചനപൂക്കളം’ കൊണ്ടൊരു ഓണഘോഷം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടി. കേരളത്തിന്റെ പാരമ്പര്യവും ക്രൈസ്തവ മൂല്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികളിൽ പ്രധാന ആകർഷണമായത് ‘വചനപൂക്കളം’ ആയിരുന്നു. സാധാരണ പൂക്കളത്തിൽ നിന്ന് വ്യത്യസ്തമായി, ബൈബിളിലെ വചനങ്ങൾ പൂക്കളുടെ രൂപത്തിലും നിറങ്ങളിലുമായി ക്രിയാത്മകമായി അവതരിപ്പിച്ചാണ് മതബോധന അധ്യാപകരും വിദ്യാർഥികളും വചനപൂക്കളം ഒരുക്കിയത്. “സ്നേഹവും പങ്കുവെക്കലും സമത്വവും” എന്ന ഓണത്തിന്റെ സന്ദേശത്തെ ക്രിസ്തീയ ജീവിതമൂല്യങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു വചനപൂക്കളത്തിന്റെ ആശയാവിഷ്കാരം. ബൈബിളിലെ സ്നേഹം, കരുണ, സഹോദര്യം, സമാധാനം, പ്രത്യാശ എന്നിവയുടെ സന്ദേശങ്ങൾ പൂക്കളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഫലിച്ചു. ഓരോ പൂവും ഒരു വചനത്തെയും ഓരോ നിറവും ഒരു മൂല്യത്തെയും പ്രതിനിധീകരിക്കുന്ന തരത്തിൽ ഒരുക്കിയ വചനപൂക്കളം ആഘോഷത്തിന് വേറിട്ടൊരു ആത്മീയ ഭംഗി നൽകി. കത്തീഡ്രൽ അങ്കണത്തിൽ നടന്ന മതബോധന അധ്യാപകരുടെയും വിദ്യാർഥികളുടെയും ഓണാഘോഷത്തിൽ ഇടവക വികാരി മോൺ. വിൽഫ്രഡ്, സഹവികാരി ഫാ. പ്രമോദ് സേവിയർ എന്നിവർ ആഘോഷപരിപാടികളിൽ സന്നിഹിതരായിരുന്നു.


