വത്തിക്കാൻ സിറ്റി: സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ടവരെയും ദരിദ്രരെയും ചേർത്തുപിടിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പ ഒരുക്കിയ സ്നേഹവിരുന്ന് വിശ്വാസികൾക്ക് ആത്മീയ പ്രചോദനമായി. കാസ്റ്റൽ ഗന്ധോൾഫോയിലെ ‘ലൗദാത്തോ സി’ ഗ്രാമത്തിൽ റോം രൂപതയുടെ സഹായത്തോടെയാണ് ഇരുനൂറോളം നിർധനർക്കൊപ്പം പാപ്പ ഉച്ചഭക്ഷണം പങ്കിട്ടത്. ഇതിൽ 35 കുട്ടികളും ഉൾപ്പെടുന്നു.
സഭ എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു തുറന്ന കുടുംബമാണെന്നും ഏറ്റവും കൂടുതൽ സഹായവും കരുതലും ആവശ്യമുള്ളവർക്ക് അതൊരു സുരക്ഷിത താവളമാണെന്നും ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അഭയാർത്ഥികൾ, ഒറ്റപ്പെട്ട അമ്മമാർ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ അതിഥികളായി സ്വീകരിച്ചുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്നുനിൽക്കുന്നവരുടെ സാന്നിധ്യം എത്രമാത്രം വിലപ്പെട്ടതാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
ഉച്ചവിരുന്നിന് മുന്നോടിയായി ലൗദാത്തോ സി പൂന്തോട്ടത്തിൽ ദിവ്യബലി അർപ്പിക്കുകയും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് പാപ്പ അതിഥികളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. “പാവപ്പെട്ടവർ വെറും സഹായം സ്വീകരിക്കുന്നവരല്ല മറിച്ച് അവരുടെ സാന്നിധ്യത്തിലൂടെ സമൂഹത്തിന് പുതിയൊരു കാഴ്ചപ്പാട് നൽകുന്നവരാണ്” എന്ന് സംഘാടകരിൽ ഒരാളായ ദൊണാത്തെല്ല പാരിസി പറഞ്ഞു.
വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവർക്കായി വിഭവസമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയത്. പ്രകൃതിഭംഗിയും ആത്മീയതയും ഒത്തുചേരുന്ന ലൗദാത്തോ സി ഗ്രാമം മനുഷ്യത്വത്തിന്റെയും കരുണയുടെയും വലിയൊരു സാക്ഷ്യമായി മാറി. സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ലൗദാത്തോ സി’യുടെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ സംഗമം സാമൂഹികമായി പിന്നോക്കം നിൽക്കുന്നവർക്ക് പാപ്പയുമായി നേരിട്ട് സംവദിക്കാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്. ക്രിസ്തുവിന്റെ കരുണയും സ്നേഹവും പ്രാവർത്തികമാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ക്രൈസ്തവ സഭയുടെ അടിസ്ഥാന ദർശനങ്ങളെയാണ് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നത്.
