വത്തിക്കാൻ സിറ്റി: കായിക രംഗത്തെ കേവലം മത്സരമായി മാത്രം കാണാതെ അത് ജനങ്ങളെയും സംസ്കാരങ്ങളെയും തമ്മിൽ ഒന്നിപ്പിക്കുന്ന ഒരു സാർവത്രിക ഭാഷയായി മാറണമെന്ന് ലിയോ പാപ്പ. വത്തിക്കാൻ ആഗോള പ്രാർത്ഥനാ ശൃംഖല വഴി പുറത്തുവിട്ട ജൂൺ മാസത്തെ പ്രത്യേക പ്രാർത്ഥനാ നിയോഗത്തിലാണ് പാപ്പ കായിക രംഗത്തിന്റെ യഥാർത്ഥ മൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചത്.
യുദ്ധങ്ങളും അതിരൂക്ഷമായ ഭിന്നതകളും നിറഞ്ഞ ഇന്നത്തെ ലോകത്ത് മനുഷ്യരെ തമ്മിൽ അടുപ്പിക്കാൻ കഴിയുന്ന അപൂർവം മേഖലകളിലൊന്നാണ് കായിക രംഗമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. “മത്സരങ്ങൾ വെറും ശത്രുതയായി മാറുകയും അപരനെ മാറ്റിനിർത്തുന്ന പ്രവണതകൾ ഏറുകയും ചെയ്യുന്ന കാലത്ത് കായിക രംഗത്തിന്റെ യഥാർത്ഥ അർത്ഥം നമ്മൾ തിരിച്ചറിയണം. അതൊരു വിവേചനത്തിന്റെ വേദിയല്ല- മറിച്ച് സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും വിദ്യാലയമായി മാറണം,” പാപ്പ ആഹ്വാനം ചെയ്തു.
കായിക താരങ്ങൾക്കും പരിശീലകർക്കും കായിക പ്രേമികൾക്കുമായി ലിയോ പാപ്പ പങ്കുവെച്ച പ്രാർത്ഥന ഇങ്ങനെയാണ്:
“ജീവിതത്തിന്റെ നാഥാ, കായിക രംഗം എന്ന ദാനത്തിന് ഞങ്ങൾ നന്ദി പറയുന്നു. കളിക്കളങ്ങളിൽ വളരുന്ന സൗഹൃദങ്ങളെയും ടീമായി പ്രവർത്തിക്കുന്നതിന്റെ സന്തോഷത്തെയും ഞങ്ങൾ വാഴ്ത്തുന്നു. ജീവിതത്തിലെന്നപോലെ കളിക്കളത്തിലും ആരും തനിച്ച് രക്ഷിക്കപ്പെടുന്നില്ലെന്ന് അങ്ങ് നമ്മെ പഠിപ്പിക്കുന്നു. വളരാനും ബഹുമാനം പഠിക്കാനും പരിധികൾ മറികടക്കാനും നമുക്ക് മറ്റുള്ളവർ ആവശ്യമാണ്. കായിക രംഗം വെറും മത്സരങ്ങളല്ല മറിച്ച് സാഹോദര്യത്തിന്റെ വിദ്യാലയമായും സമാധാനത്തിന്റെ പാതയുമായും മാറട്ടെ.”
ഫുട്ബോൾ ലോകകപ്പ് പോലുള്ള വലിയ കായിക മാമാങ്കങ്ങൾ നടക്കാനിരിക്കുന്ന ഈ സാഹചര്യത്തിൽ, കായികരംഗം സംസ്കാരങ്ങൾക്കും ജനതകൾക്കുമിടയിൽ സംവാദത്തിനും ഐക്യത്തിനുമുള്ള ശക്തമായ ഉപാധിയായി മാറട്ടെ എന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. കായിക രംഗത്തിലൂടെ വ്യക്തിപരമായ വളർച്ചയും ഐക്യദാർഢ്യവും വളർത്താൻ സാധിക്കണമെന്നും പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു.
