കണ്ണാന്തുറ: അനുദിന ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്ക് പ്രോത്സാഹനവുമായി കണ്ണാന്തുറ ഇടവക. രണ്ടാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള മതബോധന വിദ്യാർത്ഥികൾക്ക് വിമാനയാത്രയുൾപ്പെടെയുള്ള ടൂർപാക്കേജ് നൽകി. മെയ് 20 ബുധനാഴ്ച ജനശതാബ്ദി ട്രെയിനിൽ 11 വിദ്യാർത്ഥികളും ഇടവക വികാരിയുമായി ആരംഭിച്ച യാത്ര മെയ് 21ന് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയോടുകൂടി സമാപിച്ചു. തീവണ്ടി, വാട്ടർ മെട്രോ, മെട്രോ ട്രെയിൻ, വാൻ, വിമാനം ഇങ്ങനെ എല്ലാ ഗതാഗത മാർഗ്ഗങ്ങളും പ്രയോജനപ്പെടുത്തിയുള്ള വിനോദയാത്ര വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. വല്ലാർപാടം ദേവാലയം, ഇടപ്പള്ളി സന്ദർശിച്ച് ബലിയർപ്പിച്ചു. വാസ്കോഡഗാ ശവകുടീരം, ലുലു മാൾ, ആലുവ കടൽത്തീരം എന്നിവടങ്ങളിലും സന്ദർശിച്ചു. അനുദിന ദിവ്യബലിയിൽ മതബോധന വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഇടവക വികാരി ഫാദർ ക്ലീറ്റസ് വിൻസെന്റിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് ഇടവകയിലെ മതബോധന വിദ്യാർത്ഥികൾക്കായി എല്ലാ ഗതാഗത മാർഗങ്ങളും ഉൾകൊള്ളിച്ചുള്ള വിനോദയാത്ര പരിപാടി നടപ്പിലാക്കിയത്.

