ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ചോദ്യം ചെയ്യപ്പെടുന്നു. 2018-ലാണ് ഉത്തരാഖണ്ഡില്‍ ഈ നിയമം നിലവില്‍വന്നത്. അതിനുശേഷം മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ വിചാരണ പൂര്‍ത്തിയാക്കിയ എല്ലാ കേസുകളിലും പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു.
മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്ത് ക്രൈസ്തവര്‍ക്ക് എതിരെ ആയുധമായി ഉപയോഗിക്കുകയാണെന്ന് സഭാ നേതൃത്വം നിരവധി തവണ വ്യക്തമാക്കുകയും നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സഭയുടെ ആശങ്കകള്‍ ശരിയാണെന്ന് കോടതി വിധികള്‍ തെളിയിക്കുകയാണ്.
ബലംപ്രയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നത് ഇന്ത്യയില്‍ കുറ്റകരമാണ്. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലതിലും കടുത്ത വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഇതില്‍ അറസ്റ്റു ചെയ്യപ്പെടുന്നതു ക്രൈസ്ത വിശ്വാസികളും മിഷനറിമാരുമാണ്.
മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ തടയുക, ക്രിസ്തീയ വിശ്വാസം പുലര്‍ത്തുന്നതില്‍നിന്ന് ആളുകളെ പിന്തിരിക്കുക തുടങ്ങിയവയാണ് ഈ നിയമത്തിന്റെ പിന്നിലെ ലക്ഷ്യം. ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും നടക്കുന്ന പ്രാര്‍ത്ഥനകള്‍ തടസപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നതും പതിവാണ്. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടവര്‍തന്നെ മതപരിവര്‍ത്തനം നടത്തി എന്ന വ്യാജ പരാതി നല്‍കുന്നതാണ് പതിവ്. രാഷ്ട്രീയ പിന്‍ബലം ഉള്ളതുകൊണ്ട് പോലീസ് അക്രമികള്‍ക്ക് സഹായകരമായ നിലപാടുകളാണ് പലപ്പോഴും സ്വീകരിക്കുന്നതും.
2018-ന് ശേഷം മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഉത്തരാഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 62 കേസുകളാണ്. അതില്‍ വിചാരണ പൂര്‍ത്തിയായ അഞ്ച് കേസുകളിലും പ്രതിസ്ഥാനത്തു നിര്‍ത്തിയിരുന്നവര്‍ നിരപരാധികളാണെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. ഏഴു കേസുകള്‍ വിചാരണ വേളയില്‍ത്തന്നെ കോടതി തള്ളിക്കളഞ്ഞിരുന്നു.
മതപരിവര്‍ത്തന നിരോധന നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ട പലര്‍ക്കും ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കേണ്ടി വരുകയും ചെയ്തിരുന്നു. ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലുകളില്‍ കഴിയുന്നവരുമുണ്ട്.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അത് അനുഷ്ഠിക്കാനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. അതോടൊപ്പം നിരപരാധികള്‍ ജയിലുകളില്‍ അടയ്ക്കപ്പെടുന്നു എന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിനും ഈ കരിനിയമം കളമൊരുക്കുകയാണ്.

