വെള്ളയമ്പലം: ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി അതിരൂപത തലത്തിൽ തൊഴിലാളി ദിനം ആചരിച്ചു. മേയ് 18 ന് നടന്ന ദിനാചരനത്തിന് KLM സംഘടന നേതൃത്വം നൽകി. ഇതിന്റെ ഭാഗമായി നടന്ന റാലി KLM രൂപതാ പ്രസിഡന്റ് മോഹൻകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം അതിരൂപത സാമൂഹ്യ ശുശ്രൂഷ സമിതി ഡയറക്ടറും TSSS ജനറൽ സെക്രട്ടറിയുമായ ഫാ. ആഷ്ലിൻ ജോസ് ഉദ്ഘാടനം ചെയ്തു. മോഹൻകുമാർ അധ്യക്ഷപദം അലങ്കരിച്ച പ്രസ്തുത സമ്മേളനത്തിൽ KLM ഡയറക്ടർ ഫാ. സ്റ്റാലിൻ ഫെർണാണ്ടസ് സ്വാഗതമേകുകയും സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. KLM രൂപത കോഡിനേറ്റർ ശ്രീ. എബി മാത്യു ആശംസകളേകി.
അതിരൂപതയിലെ 10 ഫെറോനകളിലെ മികച്ച തൊഴിലാളികളെയും, നിസ്വാർത്ഥ പ്രവർത്തനം കാഴ്ചവച്ച കെട്ടിട നിർമ്മാണ തൊഴിലാളി സംസ്ഥാന കമ്മിറ്റിയംഗം ബാബു അലക്സ് എന്നിവരെയും സമ്മേളനത്തിൽ ആദരിച്ചു. ജൂബിലി ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലക്കി ഡ്രോയിലേക്കുള്ള സമ്മാനങ്ങൾ പുല്ലുവിള, പാളയം, വട്ടിയൂർക്കാവ് ഫെറോനയിലെ പ്രതിനിധികൾ ഡയറക്ടർക്ക് കൈമാറി. 250-ൽ പരം തൊഴിലാളികൾ ദിനാചരണത്തിൽ പങ്കെടുത്തു.