വത്തിക്കാന്‍ സിറ്റി: റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്‌സിറ്റി പോളിക്ലിനിക് ആശുപത്രിയില്‍ 25 ദിവസങ്ങള്‍ പിന്നിട്ട ഫ്രാന്‍സിസ് പാപ്പാ, ന്യൂമോണിയയും ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അപകടനില തരണം ചെയ്തതായി മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു.ഒരാഴ്ചയായി ശ്വസന പ്രതിസന്ധിയോ പനിയോ ഒന്നുമില്ലാതെ, രക്തത്തിലെ ഓക്‌സിജന്റെ തോത് വേണ്ടവണ്ണം നിലനിര്‍ത്തിയും ഔഷധങ്ങളോടും ചികിത്സാവിധികളോടും നന്നായി പ്രതികരിച്ചും പാപ്പായുടെ ആരോഗ്യസ്ഥിതി ‘സംയോജിതവും സുസ്ഥിരവുമായ രീതിയില്‍’ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും ആശുപത്രിയുടെ സുരക്ഷിത അന്തരീക്ഷത്തില്‍ കുറച്ചുനാള്‍ കൂടി ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മാര്‍ച്ച് 13ന് വ്യാഴാഴ്ച, പരിശുദ്ധ സിംഹാസനത്തിലേക്ക് ഫ്രാന്‍സിസ് പാപ്പാ തിരഞ്ഞെടുക്കപ്പെട്ടതിന്റെ 12-ാം വാര്‍ഷികമാണ്. അന്നും പാപ്പാ ആശുപത്രിയില്‍ തുടരാനാണ് സാധ്യത. ”രക്തപരിശോധനാ ഫലങ്ങളും ക്ലിനിക്കല്‍ നിരീക്ഷണ സൂചകങ്ങളും ഫാര്‍മക്കോളജിക്കല്‍ തെറപ്പിയുടെ ഫലങ്ങളും ആരോഗ്യനിലയില്‍ നല്ല പുരോഗതിയാണ് കാണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, രോഗവിമുക്തിയെക്കുറിച്ചുള്ള നിഗമനങ്ങള്‍ വെളിപ്പെടുത്താനാവില്ല എന്ന് ഇതേവരെ ഡോക്ടര്‍മാര്‍ കൈക്കൊണ്ട നിലപാടില്‍ ഇപ്പോള്‍ മാറ്റംവരുത്തിയിട്ടുണ്ട്,” തിങ്കളാഴ്ച വൈകീട്ട് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.