വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശൂശ്രൂഷയും മത്സ്യമേഖല ശൂശ്രൂഷയും സംയുക്തമായി ലോകമത്സ്യത്തൊഴിലാളി ദിനമാചരിച്ചു. ദിനാചരണത്തോടനുബനധിച്ച് നവംബർ 21 വ്യാഴാഴ്ച വെള്ളയമ്പലത്ത് മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ടുള്ള സിമ്പോസിയവും പൊതുസമ്മേളനവും നടന്നു.അതിരുപത മെത്രാപോലീത്ത ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം കേരള പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷണവും ജീവിതാവകാശവും ഉറപ്പാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനുള്ള അവകാശം സ്ഥാപിച്ചുകിട്ടണമെന്നു തന്റെ അധ്യക്ഷ പ്രസംഗത്തിൽ തോമസ് ജെ. നെറ്റോ മെത്രാപോലീത്തയും ആവശ്യപ്പെട്ടു. മത്സ്യമേഖല ശൂശ്രൂഷ ഡയറക്ടർ ഫാ.ലൂസിയൻ തോമസ്, സാമൂഹ്യ ശൂശ്രൂഷ ഡയറക്ടർ ഫാ.ആഷ്‌ലിൻ ജോസ്, വി. കെ. പ്രശാന്ത് എംഎൽഎ, ഡോ.ലിസ്ബ യേശുദാസ്, , സിസ്റ്റർ സ്വപ്‌ന എന്നിവർ പ്രസംഗിച്ചു.രാവിലെ നടന്ന സിമ്പോസിയത്തിൽ മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. അതിരൂപത ശുശ്രൂഷ കോഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് സിമ്പോസിയം ഉദ്ഘാടനം ചെയ്തു. വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര അധ്യക്ഷത വഹിച്ചു.
‘മത്സ്യ ആവാസവ്യവസ്ഥയുടെ നശീകരണം’ എന്ന വിഷയം കേരള യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ. ബെന്നോ പെരേര, ‘മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പുതുസംരഭക ശ്രമങ്ങൾ’ – സ്വതന്ത്ര ഗവേഷകൻ ഡോ. റ്റിറ്റോ ഡിക്രൂസ് & മത്സ്യവിപണന വനിതാവികസന സംഘമംഗം അബ്രാമി, ‘മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും’- പരമ്പരാഗത കടല്പ്പണികൂട്ടായ്മ പ്രസിഡന്റ് ശ്രീ. ഷിബുദാസൻ, ‘മത്സ്യമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും’ – തീര- ഭൂസംരക്ഷണവേദി സംസ്ഥാന ചെയർമാൻ മാഗ്ലിൻ ഫിലോമിന, മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശങ്ങൾ – മറൈൻ റിസർച്ചർ ഡോ. ജോൺസൺ ജമെന്റ്, ‘കേരളമത്സ്യമേഖലയും സുസ്ഥിരവികസനവും’ – റവ. ഡോ. സാബാസ് ഇഗ്നേഷ്യസ് എന്നിവർ അവതരിപ്പിച്ചു. തീരപരിസ്ഥിതി ഗവേഷകൻ എ. ജെ. വിജയൻ, അദ്ധ്വാന ഡയറക്ടർ അഡ്വ. ഡോ. മേരി ജോൺ, ഡോ. ഐറിസ് കൊയ്‌ലിയോ, പ്രൊഫ. കെ. വി. തോമസ് എന്നിവർ സിമ്പോസിയത്തിൽ മോഡറേറ്റർമാരായിരുന്നു.
മത്സ്യത്തൊഴിലാളി മേഖലകളിൽനിന്നും നിരവധിപേർ പങ്കെടുത്ത പരിപാടിയുടെ സമാപനത്തിൽ ഇ.എസ്.പി. പുല്ലുവിള മേഖല അവതരിപ്പിച്ച ‘മണിമുഴങ്ങുമ്പോൾ’ എന്ന് നാടകവും അരങ്ങേറി.