അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്‍റെ വിജ്ഞാപനത്തിന്‍റെ പൂര്‍ണ്ണരൂപം
വന്ദ്യ വൈദികരേ, പ്രിയമക്കളേ,
തിരുസഭ ഒരു പ്രത്യേക നിയോഗം ലക്ഷ്യമിട്ടുകൊണ്ട് ഓരോ വര്‍ഷവും സഭാമക്കളെ പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്യാറുണ്ട്. ഈ വര്‍ഷം വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മദ്ധ്യസ്ഥനായി ഒമ്പതാം പീയൂസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചതിന്‍റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2020 ഡിസംബര്‍ 8-ാം തിയതി മുതല്‍ 2021 ഡിസംബര്‍ 8-ാം തിയതിവരെ വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തത് നമുക്ക് അറിവുള്ളതാണല്ലോ. ഒന്നും ഉരിയാടാതെ ദൈവഹിതം അനുവര്‍ത്തിച്ച് രക്ഷകനായ യേശുവിന്‍റേയും പരിശുദ്ധ അമ്മയുടേയും സംരക്ഷണം ഏറ്റെടുത്ത് രക്ഷാകര ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനം കല്പിച്ചു നല്കപ്പെട്ട തിരുസഭയുടേയും തിരുക്കുടുംബത്തിന്‍റേയും മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്.
കത്തോലിക്കാസഭ ഗൃഹനാഥന്‍മാരുടെ ഉത്തമമാതൃകയായി ഉയര്‍ത്തിക്കാണിക്കുന്ന യൗസേപ്പിതാവിന്‍റെ വര്‍ഷത്തില്‍ തന്നെ “സ്നേഹത്തിന്‍റെ ആനന്ദം” എന്ന ചാക്രികലേഖനത്തിന്‍റെ 5-ാം വാര്‍ഷികം പ്രമാണിച്ച് 2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26-ന് റോമില്‍ നടക്കുന്ന ആഗോളകുടുംബ സംഗമം വരെ കുടുംബ വര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് കുടുംബം: സ്നേഹത്തിന്‍റെ ആനന്ദം എന്ന പ്രബോധനത്തെക്കുറിച്ച് പഠിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്. കുടുംബങ്ങളുടെ വീണ്ടെടുപ്പിലൂടെ മാത്രമേ സഭയേയും സമൂഹത്തെയും വിശുദ്ധീകരിക്കാന്‍ കഴിയൂ എന്ന് പാപ്പാ പഠിപ്പിക്കുന്നു. ഇതോടൊപ്പം തന്നെ മുത്തശ്ശീ മുത്തശ്ശന്മാരുടെയും മുതിര്‍ന്നവരുടെയും ദിനമായി ജൂലൈ നാലാം ഞായറാഴ്ച്ച, യേശുവിന്‍റെ വല്ല്യപ്പനും വല്ല്യമ്മയുമായ വിശുദ്ധരായ ജോവാക്കിം, അന്ന എന്നിവരുടെ തിരുനാളിനോടനുബന്ധിച്ച് ആചരിക്കുവാനും പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഒരു ക്രൈസ്തവസമുഹത്തിനു മാറ്റിവയ്ക്കാനാവാത്ത മുന്‍ഗണനയാണ് വയോധികരുടെ അജപാലന ശുശ്രൂഷയെന്ന് നമ്മെ ഇത് ഓര്‍മ്മിപ്പിക്കുന്നു.
പരിശുദ്ധ പിതാവിന്‍റെ ആഹ്വാനങ്ങളനുസരിച്ചുകൊണ്ട് നമ്മുടെ അതിരൂപതയില്‍ ചെയ്യുവാന്‍ കഴിയുന്ന ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു.
1. നമ്മുടെ അതിരൂപയിലെ ചില ഇടവകകള്‍ ഇതിനോടകം തന്നെ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിന് തുടക്കം കുറിച്ചത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. എങ്കിലും മേല്പറഞ്ഞ മൂന്നു കാര്യങ്ങളുടെയും ഔദ്യോഗികമായ അതിരൂപതാതല ഉദ്ഘാടനമെന്ന നിലയില്‍ മാര്‍ച്ച് 19 (കുടുംബ വര്‍ഷാരംഭ ദിനത്തില്‍) അതത് ഇടവകകളില്‍ ഉചിതമായ ആഘോഷപരിപാടികള്‍ ദിവ്യബലിയോട് ചേര്‍ന്ന് നടത്തുന്നത് നന്നായിരിക്കും.
2. അതിരൂപത തയ്യാറാക്കുന്ന പ്രത്യേക പ്രാര്‍ത്ഥന, ലോഗോ എന്നിവ മാര്‍ച്ച് 19-ന് മുന്‍പ് ഇടവകകളില്‍ എത്തിക്കുന്നതാണ്. ഈ പ്രാര്‍ത്ഥന വീടുകളിലും ദേവാലയങ്ങളിലും ഭക്തിപൂര്‍വ്വം ചൊല്ലി അനുഗ്രഹങ്ങള്‍ പ്രാപിക്കാം.
3. വിശുദ്ധ യൗസേപ്പിതാവിന്‍റെ മാതൃകയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് വാര്‍ഷികധ്യാനം, കുടുംബ നവീകരണം എന്നിവ നടത്തുകയും യൗസേപ്പിതാവിന്‍റെ വണക്കമാസം ഉചിതമായി ഇടവകയില്‍ ആചരിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും.
4. ശിഥിലമായ കുടുംബങ്ങളെ ഇണക്കിച്ചേര്‍ത്തുകൊണ്ടും മുതിര്‍ന്നവരെയും മുത്തശ്ശി മുത്തശ്ശന്‍മാരെയും ആദരിച്ചുകൊണ്ടും ഈ വര്‍ഷം നമുക്ക് അര്‍ത്ഥവത്താക്കാം.
5. ഈ വര്‍ഷം ചില കാരുണ്യ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാം. ഓരോ ഇടവകയിലും ആരും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുമാറ് പട്ടിണി രഹിത ഇടവകകളാക്കാം. രോഗവും ഇതര പ്രയാസങ്ങളും അനുഭവിക്കുന്നവരെ താങ്ങിനിര്‍ത്തുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പില്‍ വരുത്താന്‍ ശ്രമിക്കാം.
6. നമ്മുടെ അതിരൂപയിലെ ബന്ധപ്പെട്ട ശുശ്രൂഷാ സമിതികള്‍ ചില സന്ദര്‍ഭോചിതമായ കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഇവയോട് ക്രിയാത്മകമായി സഹകരിച്ചുകൊണ്ട് ഈ നാളുകള്‍ ദൈവീകകൃപകളുടെ ആഘോഷമായി തീര്‍ക്കാന്‍ നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.
സ്നേഹത്തോടെ, പ്രാര്‍ത്ഥനയോടെ,
+ ക്രിസ്തുദാസ് ആര്‍.
തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍
ഈ വിജ്ഞാപനം 2021 മാര്‍ച്ച് മാസം 14-ാം തിയതി ദിവ്യബലി മധ്യേ തിരുവനന്തപുരം അതിരൂപതയിലെ പള്ളികളില്‍ വായിക്കുന്നതാണ്.