പ്രേം ബൊനവെഞ്ചർ
രാജ്ഞിപദത്തിലെ അമ്മമാരിൽ ഏറ്റവും ശ്രേഷ്ഠമായ ഉദാഹരണമാണ് ദാവീദിന്റെ ഭാര്യയും സോളമന്റെ അമ്മയുമായ ബേത്‌ഷേബ. അക്കാലത്ത് രാജവംശത്തിലെ ബത്‌ഷെബയുടെ സ്ഥാനമികവിനെക്കുറിച്ചു പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദ് രാജാവിന്റെ ഭാര്യയെന്ന നിലയിൽ ബേത്‌ഷേബയുടെ എളിയ മനോഭാവത്തെ അടുത്ത രാജാവായ സോളമന്റെ അമ്മയെന്ന മഹത്തായ അന്തസ്സുമായി താരതമ്യം ചെയ്യുക. സോളമൻ സിംഹാസനം ഏറ്റെടുത്തതിനുശേഷം അവൾ രാജ്ഞിയായതിനുശേഷം, ബേത്‌ഷേബയ്ക്ക് മഹത്തായ സ്വീകരണം ലഭിക്കുന്നു: “ബേത്‌ഷേബ അദോനിയായ്‌ക്കുവേണ്ടി സംസാരിക്കാന്‍ സോളമന്‍ രാജാവിനെ സമീപിച്ചു. രാജാവ് എഴുന്നേറ്റ് അവളെ അഭിവാദനം ചെയ്‌തിട്ട് സിംഹാസനത്തില്‍ ഇരുന്നു; മാതാവിന് ഇരിപ്പിടം സജ്‌ജീകരിച്ചു. അവള്‍ രാജാവിന്റെ വലത്തുഭാഗത്ത് ഇരുന്നു.” (1 രാജാ 2 : 19)
ഈ വിവരണം രാജ്ഞിയായ അമ്മയുടെ പരമാധികാര അവകാശങ്ങൾ വെളിപ്പെടുത്തുന്നു. അവൾ പ്രവേശിക്കുമ്പോൾ രാജാവ് എന്തുചെയ്യുന്നുവെന്നു ശ്രദ്ധിക്കുക. രാജാവിന്റെ വലതുവശത്തുള്ള ബേത്‌ഷേബയുടെ ഇരിപ്പിടത്തിന് വലിയ പ്രാധാന്യമുണ്ട്. ബൈബിളിൽ, വലതുവശം എന്നത് ആത്യന്തിക ബഹുമാനത്തിന്റെ വശമാണ്. “കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്‌തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക.” (സങ്കീ. 110 : 1) എന്ന സങ്കീര്ത്തനം തന്നെ ഉദാഹരണം. ക്രിസ്തുവിന്റെ ദൈവത്വവും പിതാവിനോടൊപ്പമുള്ള പ്രപഞ്ചം മുഴുവന്റെയും ഭരണവും കാണിക്കുന്നതിനായി പല പുതിയ നിയമ ഭാഗങ്ങളും ഇത് പരാമർശിക്കുന്നുണ്ട്. അങ്ങനെ, രാജാവിന്റെ വലതുവശത്ത് ഇരിക്കുന്ന രാജ്ഞിയായ അമ്മ, രാജാവിന്റെ രാജകീയ അധികാരത്തിൽ തുല്യപങ്കാളിത്തം വഹിക്കുന്നു. ഒപ്പം, രാജാവിന് അടുത്തായി രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാവും അവൾ വഹിക്കുന്നു. രാജാവിന് നിവേദനങ്ങൾ നൽകാനെത്തുന്ന ജനങ്ങൾക്ക് വേണ്ടി അമ്മരാജ്ഞിയായ ബേത്‌ഷേബ ഒരു അഭിഭാഷകയായും പ്രവർത്തിക്കുന്നു.
ഭാവിയിലെ മിശിഹായെക്കുറിച്ച് പരാമർശിക്കുന്ന പഴയനിയമത്തിലെ ചില പ്രവചനങ്ങൾ രാജ്ഞിയായ അമ്മയുടെ പാരമ്പര്യത്തെ ബന്ധപ്പെടുത്തുന്നു. സിറിയയും ഇസ്രായേലും ജറുസലേമിനെ ഭീഷണിപ്പെടുത്തുകയും ആഹാസ് രാജാവിനെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തുകയും ചെയ്ത യൂദായിലെ പ്രതിസന്ധിയുടെ കാലത്ത് ഏശയ്യ പറഞ്ഞ വാക്കുകൾ തന്നെ ഇതിനുദാഹരണം. രാജ്യം തുടരുമെന്നതിന്റെ ഒരു അടയാളം ദൈവം ആഹാസിന് നൽകുന്നു : “ദാവീദിന്റെ ഭവനമേ, ശ്രദ്‌ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്‌ഷമ പരീക്‌ഷിക്കുന്നത്? അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.” (ഏശ 7 : 13-14)
സൈന്യങ്ങളുടെ ആക്രമണ ഭീഷണികൾക്കിടയിലും ദാവീദിന്റെ രാജവംശം തുടരുമെന്ന പ്രതിജ്ഞ നൽകിയതിനാൽ അടുത്ത രാജാവായ ഹെസക്കിയയെ ചൂണ്ടിക്കാണിക്കാം. അതേസമയം, “ഇമ്മാനുവൽ” എന്ന് നാമകരണം ചെയ്യപ്പെടുന്ന രാജകുമാരൻ ഭാവി മിശിഹായായ രാജാവിനെ (ഏശ 9:6–7, 11:1–2) ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടാണ് ഏശയ്യായുടെ പ്രവചനം പുതിയനിയമത്തിൽ നിറവേറിയതായി പറയുന്നത്. (മത്താ 1:23)
രാജവംശത്തിന്റെ തുടർച്ചയെക്കുറിച്ച് ആശങ്കയുള്ള ദാവീദിന്റെ കുടുംബത്തെയാണ് ഈ പ്രവചനം പ്രത്യേകിച്ചും അഭിസംബോധന ചെയ്യുന്നത്. അങ്ങനെ രാജകുമാരനെ പ്രസവിക്കുന്ന യുവതിയെ രാജ്ഞിയായ അമ്മയായി കരുതാം. മറിയത്തെക്കുറിച്ചു ചിന്തിക്കുവാനുള്ള കാരണങ്ങൾ ഇവിടെനിന്നു രൂപപ്പെടുന്നു. രാജാവിന്റെ അമ്മ എല്ലായ്പ്പോഴും രാജ്ഞിയായി ഭരിക്കുന്നതിനാൽ, ദൈവത്തിന്റെ നിത്യരാജ്യത്തിൽ യഥാർത്ഥ അമ്മരാജ്ഞിയുടെ വേഷം മിശിഹായുടെ അമ്മയ്ക്കായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
ഈ പഴയനിയമ പശ്ചാത്തലത്തിൽ, പുതിയ നിയമം മറിയത്തെ രാജ്ഞിയായ അമ്മയെന്ന പാരമ്പര്യത്തിന്റെ വെളിച്ചത്തിൽ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന് ഇപ്പോൾ വ്യക്തമായി മനസിലാക്കാൻ സാധിക്കും.അതേക്കുറിച്ചു നാളെ . . .