ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ആഴ്ച ലോകം മുഴുവനുമുള്ള കത്തോലിക്കാ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലെ റെക്ടർമാർക്ക് നൽകിയ നിർദ്ദേശമനുസരിച്ചാണ് ഇന്നു വൈകിട്ട് ഇന്ത്യൻ സമയം എട്ടരയ്ക്ക് പള്ളിത്തുറയില്‍ നിന്നും തത്സമയ ജപമാല. തിരുവനന്തപുരത്തെ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ പള്ളിത്തുറ വേളാങ്കണ്ണി മാതാവിൻറെ കുരിശടിയിലാണ് ജപമാല നടക്കുക. ജപമാലയ്ക് ഫാദർ ലെനിൻ ഫെർണാണ്ടസ്, ഫാദർ നിജു അജിത് എന്നിവര്‍ നേതൃത്വം നല്‍കും.
ലോകമെങ്ങുമുള്ള വിശ്വാസികൾ ഫേസ്ബുക്ക് യൂട്യൂബ് ചാനലിലൂടെ ജപമാലയിൽ പങ്കു ചേർന്ന് കോവിഡ് 19 മഹാമാരിയിൽ മാതാവിൻറെ മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിക്കുവാനാണ് ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്ന് രാത്രി 9 മണി മുതൽ ഫ്രാൻസിസ് പാപ്പായും വത്തിക്കാനിലെ മാതാവിനെ ഗ്രോട്ടോ യിൽ ജപമാല ചൊല്ലും. ഈ പ്രാര്‍ത്ഥന വത്തിക്കാന്‍ ഫേസ്ബുക്ക് പേജുകളില്‍ തത്സമയം ലഭ്യമാകും. റോമിൽ പാപ്പായോടൊപ്പം ജപമാലയില്‍ പങ്ക് ചേരുന്നത് “വൈറസ് ബാധിച്ച വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പുരുഷന്മാരും സ്ത്രീകളും” ആയിരിക്കും, അതിൽ ഒരു ഡോക്ടറും നഴ്സും, സുഖം പ്രാപിച്ച രോഗിയും, കുടുംബാംഗത്തെ COVID-19 മൂലം നഷ്ടമായ വ്യക്തിയും ഉണ്ടാകും.