റോം: പാപ്പയുടെ പുതിയ സ്‌പെഷ്യൽ സെക്രട്ടറിയായി ഉറുഗ്വേയിൽ നിന്നുള്ള ഫാ. ഗോൺസാലോ എമിലിയസ് നിയമിതനായി. 2013 മുതൽ 2019 വരെ മാർപ്പാപ്പയ്ക്കൊപ്പം പ്രവർത്തിച്ച അർജന്റീനിയൻ പുരോഹിതനായ ഫാദർ ഫാബിയൻ പെഡാച്ചിയോയുടെ പകരക്കാരനായാണ് ഗോൺസാലോ എമിലിയെ എത്തുന്നത്.
1979 സെപ്റ്റംബർ 18 ന് മോണ്ടെവീഡിയോയിൽ ജനിച്ച ഫാ. എമിലിയസ് 2006 മെയ് 6 ന് പുരോഹിതനായി. ഫ്രാൻസിസ് പാപ്പാ ബ്യൂണസ് അയേഴ്‌സിലെ അതിരൂപതാ മെത്രാനായിരുന്നപ്പോൾ മുതൽ ഉറുഗ്വേ പുരോഹിതനുമായ ഗോൺസാലോ എമിലിയെ അറിയുന്നതാണ്.
പാപ്പായായി നിയമിതനായതിന്റെ ആദ്യ ദിവസങ്ങളിൽ, 2013 മാർച്ച് 17 ന് രാവിലെ ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്യുന്നതിനായി വത്തിക്കാൻ ഗേറ്റിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽപോലും മാർപ്പാപ്പ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും പേരുചൊല്ലി വിളിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമുള്ള തന്റെ ആദ്യത്തെ ദിവ്യബലി ആഘോഷിക്കാൻ പോകുന്ന പള്ളിയിലേക്ക് തന്നോടൊപ്പം വരാനും അദ്ദേഹേത്തെ ക്ഷണിച്ചിരുന്നു. ദിവ്യബലിയുടെ അവസാനത്തിൽ, ഫ്രാൻസിസ് മാർപാപ്പ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും ഫാ. എമിലിയസിനെ പരിചയപ്പെടുത്തുകയും, അദ്ദേഹത്തിന്റെ തെരുവ് കുട്ടികളുമായുള്ള പ്രവർത്തനത്തിനു വേണ്ടി പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടിരുന്നു.
‘ വ്യത്യസ്ത മൂല്യങ്ങൾ സമന്വയിപ്പിക്കാനും അവയെ ഒരൊറ്റ ദിശയിലേക്ക് നയിക്കാനുമുള്ള ആർച്ച് ബിഷപ്പ് ബെർഗോഗ്ലിയോയുടെ കഴിവ് എന്നെ വല്ലാതെ സ്വാധീനിച്ചുവെന്നും, അദ്ദേഹത്തിന്റെ ഈ കഴിവ് കണ്ടറിഞ്ഞത് എന്റെ ജീവിതത്തിൽ നിർണ്ണായകമായിരുന്നുവെന്നും” കഴിഞ്ഞ ദിവസം ”ഒസ്സെർവറ്റോർ റൊമാനോ”യിൽ വന്ന അഭിമുഖത്തിൽ ഫാ. എമിലിയസ് പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുത്ത ഉറുഗ്വേ പുരോഹിതൻ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വ്യക്തിഗത സെക്രട്ടറി ഫാദർ യോന്നിസ് ലാഹി ഗെയ്ഡിനൊപ്പം ഉണ്ടാകും.