ഫെബ്രുവരി 4ന് വിശുദ്ധ് ജോൺ ഡി ബ്രിട്ടോയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ വിശുദ്ധനെ അറിയാം.
പ്രേഷിതവഴിയിൽ ഭാരതത്തിൽവച്ചു രക്തസാക്ഷിത്വം വരിച്ച ചുരുക്കം വിശുദ്ധരിൽ ഒരാളാണ് ജോൺ ഡി ബ്രിട്ടോ. ഡോൺ സാൽവദോർ ഡി ബ്രിട്ടോയുടെയും ഡോണ ബിയാട്രിക് പെരേരയുടെയും മകനായി പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ചു. ജോൺ ഹെക്ടർ ഡി ബ്രിട്ടോ (John Hector De Britto) എന്നായിരുന്നു മുഴുവൻ പേര്. പിതാവ് ബ്രഗാൻസയിലെ പ്രഭുവിന്റെ അശ്വസൈന്യമേധാവിയായിരുന്നു. ക്രിസ്റ്റബോൾ ഹെക്ടർ, ഫെർണാണ്ടോ പെരേര എന്നിവർ സഹോദരന്മാർ. ഈശോസഭ വൈദികർ നടത്തിയിരുന്ന ലിസ്ബണിലെ വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള സർവകലാശാലയിലായിരുന്നു പഠനം പൂർത്തിയാക്കിയത്. ഈശോസഭയിലെ വൈദികപട്ടം ലഭിക്കുന്ന കാലയളവിൽ സെന്റ് ആന്റണീസ് കോളേജിൽ തത്ത്വശാസ്ത്ര അധ്യാപകനായിരുന്നു. വൈദികനായി പട്ടം കിട്ടിയതിനുശേഷം ഒരു മിഷനറിയാവുക എന്ന തന്റെ അഭിലാഷം ഈശോസഭയിലെ സുപ്പീരിയറിനെ അറിയിക്കുകയായിരുന്നു. തന്റെ പ്രവർത്തന മേഖല ഭാരതമായിരിക്കണം എന്നും അതിയായി ആഗ്രഹിച്ചിരുന്നു.
തുടക്കത്തിൽ ഗോവയിലും കേരളത്തിന്റെ തീരദേശങ്ങളിലും മിഷനറിയായി എത്തിയിരുന്നുവെങ്കിലും തമിഴ് നാട്ടിലെ മധുര മിഷൻ സ്ഥിര പ്രവർത്തനമണ്ഡലമായി തെരഞ്ഞെടുത്തു. കന്യാകുമാരി മുതൽ മദ്രാസ് പ്രസിഡൻസി ഉൾപ്പെടുന്ന പ്രദേശങ്ങൾ വരെ മധുര മിഷൻ പ്രവർത്തന മേഖലയായിരുന്നു. അക്കാലത്തെ ക്രിസ്തുമത പ്രചാരകരിൽ നിന്ന് വ്യത്യസ്തനായി ഹൈന്ദവ സന്യാസിമാരെ അനുകരിച്ചാണ് ജോൺ ഡി ബ്രിട്ടോ പ്രവർത്തിച്ചത്. കാഷായ വേഷം ധരിക്കുകയും സസ്യഭുക്കാകുകയും ചെയ്തു അദ്ദേഹം. ‘അരുൾ ആനന്ദർ’ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിൽ തിരസ്‌കൃതരായിപ്പോയ നിരവധിയാളുകളെ അദ്ദേഹത്തിന് ആകർഷിക്കാനായി. രാമനാട്ടുരാജ്യത്തു നിന്ന് നിഷ്‌കാസിതരായ ഏതാനും രാജകുടുംബാംഗങ്ങളും ക്രിസ്തുമതാനുയായികളായിത്തീർന്നു. ഇതിനെത്തുടർന്ന് ജോൺ ഡി ബ്രിട്ടോ തടവിലാക്കപ്പെടുകയും വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. 1693 ഫെബ്രുവരി 4-ന് ഓരിയൂരിൽ സഭയ്ക്കുവേണ്ടി രക്തസാക്ഷിയായി. അദ്ദേഹത്തിന്റെ പേരിൽ അതേ സ്ഥലത്തുതന്നെ ഒരു ദേവാലയം നിർമ്മിക്കപ്പെട്ടു. ഓരിയൂരിലെ മണ്ണിന്റെ ചുവന്ന നിറം ജോൺ ഡി ബ്രിട്ടോയുടെ രക്തംചിന്തി വന്നതാണെന്ന് ഒരു പ്രബലമായ വിശ്വാസം അന്നാട്ടുകാർക്കുണ്ട്. അതിനാൽ ചുവന്ന മണ്ണിന്റെ വിശുദ്ധൻ എന്നും അറിയപ്പെടുന്നു.