‘Dies Domini/കർത്താവിന്റെ ദിവസം’ എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ചാക്രിക ലേഖനത്തിൻ്റെ സംക്ഷിപ്തം:
● ഞായറാഴ്ച ആചരണം ക്രിസ്തു ശിഷ്യരുടെ സവിശേഷതയാണ്. ആഴ്ചയുടെ ഒന്നാം ദിവസം കർത്താവിൻ്റേതാണ്. (നമ്പർ 21)
● ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്നതാണ് ക്രൈസ്തവൻ്റെ വിശ്വാസ ജീവിതത്തിന് അടിസ്ഥാനം. പാപത്തിൻ്റെയും മരണത്തിൻറെയും മേൽ ക്രിസ്തു നേടിയ വിജയം ആഘോഷിച്ചു കൊണ്ട്, ആഴ്ചതോറും മടങ്ങിവരുന്ന ഈസ്റ്റർ ദിനമാണിത് (നമ്പർ 1, 2). “ഞായറാഴ്ച ഉദ്താനത്തിൻ്റെ ദിവസമാണ്, അത് ക്രൈസ്തവരുടെ ദിനമാണ്, അത് നമ്മുടെ ദിനമാണ്” എന്ന് വിശുദ്ധ ജെറോം അഭിപ്രായപ്പെടുന്നു. (നമ്പർ 2).
● നിലവിലുള്ള വർഷം രേഖപ്പെടുത്തിയ പെസഹാതിരിയിൽ ആദിയും അന്ത്യവും, ആൽഫയും ഒമേഗയുമായ കിസ്തുവിനെ ആലേഖനം ചെയ്തുകൊണ്ട് കാലത്തിൻ്റെയും സമയത്തിൻ്റെയും കർത്താവായ ക്രിസ്തുവിൻ്റെ ഉത്ഥാനം ആഘോഷിക്കുകയും എല്ലാ ഞായറാഴ്ചയും ഈസ്റ്റർ സുദിന മഹോത്സവം ആവർത്തിക്കുകയും ചെയ്യുന്നു. (നമ്പർ 74).
● ദൈവത്താൽ ‘ആശീർവദിക്കപ്പെടുകയും’, ‘വിശുദ്ധീകരിക്കപ്പെടുകയും’ ചെയ്യുന്നതുകൊണ്ടാണ്; ഞായറാഴ്ച ദിവസം വിശ്രമ ദിനമായിരിക്കുന്നതും അതിനെ മറ്റു ദിവസങ്ങളിൽ നിന്ന് വേർതിരിച്ച് ‘കർത്താവിൻ്റെ ദിനം’ ആക്കിയതും (നമ്പർ 14).
● വിശുദ്ധ ആഗസ്തീനോസ്, ഈസ്റ്ററിൻ്റെ കൂദാശയെന്നാണ് ഞായറാഴ്ചയെ വിളിക്കുന്നത് (നമ്പർ 19).
● ‘ഒന്നാം’ ദിവസവും ‘എട്ടാം’ ദിവസവും ആകുന്ന ഞായറാഴ്ച ആഘോഷിക്കുമ്പോൾ ക്രൈസ്തവൻ നിത്യജീവിതം എന്ന ലക്ഷ്യത്തിലേക്ക് നയിക്കപ്പെടുകയാണ് ചെയ്യുന്നത് എന്ന് വിശുദ്ധ ആഗസ്തീനോസ് തൻ്റെ ആത്മകഥയിൽ പറയുന്നു (നമ്പർ 27).
● യഥാർത്ഥ സൂര്യനായ ക്രിസ്തു നാഥൻ്റെ ദിവസമാണ് ഞായർ/Sunday. അത് പ്രകാശത്തിൻ്റെ ദിവസമാണ്. (നമ്പർ 27).
● ഉത്ഥിതനായ ക്രിസ്തു, ശിഷ്യൻമാർക്ക് പരിശുദ്ധാത്മാവിനെ നൽകിയതിനാൽ, പ്രകാശത്തിൻ്റെ ഞായറാഴ്ചയെ, പരിശുദ്ധാത്മാവുമായി ബന്ധപ്പെടുത്തി, അഗ്നിയുടെ ദിവസമെന്നും വിളിക്കുന്നു (നമ്പർ 28).
● പരിശുദ്ധാത്മാവ് അഗ്നിയായും കൊടുങ്കാറ്റായും വന്ന ഞായറാഴ്ച ദിവസം സ്ഥാപിക്കപ്പെട്ട സഭയിൽ ഞായറാഴ്ച ആചരണം ആഴ്ചതോറുമുള്ള പന്തക്കുസ്തയാണ് (നമ്പർ 28).
● ഞായറാഴ്ച സമ്മേളിക്കുമ്പോൾ “എൻ്റെ കർത്താവേ, എൻ്റെ ദൈവമേ’ എന്ന വിശ്വാസം ഏറ്റുപറഞ്ഞു വിശുദ്ധ തോമസിനോട് ചേർന്ന് വിശ്വാസികൾ തങ്ങളുടെ വിശ്വാസം ഏറ്റു പറയുന്നു (നമ്പർ 29).
● ഞായറാഴ്ച ആചരണം, ഉത്ഥിതനായ ക്രിസ്തുവിന്, തൻ്റെ ജനത്തിൻ്റെ ഇടയിലുള്ള സജീവസാന്നിധ്യത്തിൻ്റെ ആഘോഷമാണ് (നമ്പർ 31).
● ഞായറാഴ്ച മുഴുവൻദിവ്യബലിയിൽ പങ്കെടുക്കുന്നതിലൂടെ വിശ്വാസികൾ ക്രിസ്തുവിൻ്റെ മൗതികശരീരമായ സഭയിലെ അംഗത്വവും ക്രൈസ്തവ വിശ്വാസവും സാക്ഷ്യപ്പെടുത്തുന്നു. ഒരേ അപ്പം ഭക്ഷിക്കുകയും ഒരേ രക്തം പാനം ചെയ്യുകയും ചെയ്യുന്നതിനാൽ ഇടവക കുടുംബം മുഴുവൻ സഭാ ശരീരത്തിൻ്റെ ഭാഗമായിത്തീരുന്നു (നമ്പർ 31, 32).
● കർത്താവിൻ്റെ ദിവസമായ ഞായറാഴ്ച, ഇടവക ദൈവാലയത്തിലെ ആഘോഷമായ ദിവ്യബലിയിൽ പങ്കെടുക്കണം. ഞായറാഴ്ച ദിവ്യബലിയിൽ നിന്ന് സ്നേഹത്തിൻ്റെ തരംഗം ഒഴുകുന്നു. അതിലൂടെ തിരുസഭാസമൂഹബോധം സവിശേഷമാം വിധം പരിപോഷിപ്പിക്കപ്പെടുകയും പ്രകാശിപ്പിക്കപ്പെടുകയും ചെയ്യും (നമ്പർ 35).
● ഞായറാഴ്ച ദിവ്യബലിയിലുള്ള ഒരുമിച്ചുകൂടൽ സാഹോദര്യത്തിൻ്റെ ഒരനുഭവമാണ്. സ്നേഹത്തിൻ്റെയും നീതിയുടേയും സമാധാനത്തിൻ്റെയും ദിവസമാണ് ഞായറാഴ്ച (നമ്പർ 44).
● ദിവ്യബലിയിലെ സമാധാനാശംസ, ഒരേ അപ്പത്തിൽ നിന്നുള്ള പങ്കുചേരലിൽ നടത്തപ്പെടുന്ന പരസ്പരമുള്ള സ്നേഹത്തിൻ്റെയും സമർപ്പണത്തിനും പ്രകാശനമാണ് (നമ്പർ 44).
● കർത്താവിൻ്റെ അത്താഴത്തിനുള്ള പങ്കുചേരൽ എപ്പോഴും നമുക്ക് വേണ്ടി പിതാവിന് ബലിയിൽ സ്വയം സമർപ്പിക്കുന്ന ക്രിസ്തുവിനോടുള്ള സംസർഗമാണ്. അതിനാൽ വിശ്വാസികൾ ദിവ്യബലിയിൽ സംബന്ധിക്കുമ്പോൾ കുമ്പസാരിച്ച് ഒരുങ്ങി ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് സഭ നിർദേശിക്കുന്നു. ഞായറാഴ്ചകളിലെയും കടമുള്ള ദിവസങ്ങളിലെയും ദിവ്യബലിയുടെ കാര്യത്തിൽ ഇത് കൂടുതൽ നിർബന്ധമുള്ളതാണ് (നമ്പർ 44).
● കർത്താവിൻ്റെ ഉത്ഥാനത്തിൽ സാക്ഷികളായവർ ക്രിസ്തുവിനെ പ്രഘോഷിച്ചതുപോലെ, ഞായറാഴ്ച ദിവ്യബലിയാഘോഷത്തിൽ പങ്കെടുക്കുന്നവരും തങ്ങളുടെ അനുദിനജീവിതത്തിൽ സുവിശേഷം പ്രസംഗിക്കാനും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു (നമ്പർ 45).
● ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് ക്രൈസ്തവരുടെ സമ്മേളനങ്ങൾ നിരോധിച്ചിരുന്നു. കർത്താവിൻ്റെ അത്താഴം കൂടാതെ ഞങ്ങൾക്ക് ജീവിക്കാനാവില്ല എന്ന് പറഞ്ഞ് ധാരാളം പേർ രക്തസാക്ഷികളായിത്തീർന്നിരുന്നു (നമ്പർ 47).
● രൂപതയിലെ എല്ലാ വിശ്വാസികളും ഞായറാഴ്ച തങ്ങളുടെ തൊഴിലുകളിൽ ഏർപ്പെടാതെ, ദൈവവചനം ശ്രവിച്ചും, കർത്താവിന് ബലിയർപ്പിച്ചും, പ്രാർത്ഥനയും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി, ഉത്ഥാനം ആഘോഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് രൂപതാ മെത്രാൻ്റെ ഉത്തരവാദിത്വമാണ് (നമ്പർ 48).
● ശനിയാഴ്ച വൈകിട്ടു മുതലുള്ള സമയം (ഒന്നാം യാമപ്രാർത്ഥന മുതൽ) കടമുള്ളതായി കരുതുന്നതും, ഒന്നിലധികം ദിവ്യബലി അർപ്പിക്കുന്നതിനുള്ള അനുവാദം, വൈദികർക്ക് മെത്രാന്മാർ നൽകിയിരിക്കുന്നതും, കൽപ്പന നിറവേറ്റാനുള്ള സാധ്യത എല്ലാവർക്കും ലഭ്യമാക്കുന്നതിനാണ് (നമ്പർ 49).
● കൂടുതൽ ഗാനങ്ങളും മറ്റ് അലങ്കാരങ്ങളും ആഘോഷങ്ങളുമൊക്കെ ഞായറാഴ്ച ഒരുക്കുന്നത് ഈ ദിവസത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്താണ്.
● ഏതെങ്കിലും ദൈവാലയത്തിലെ ദിവ്യബലി ടെലിവിഷൻ പ്രക്ഷേപണത്തിൽ കാണുന്നതിലൂടെ ഞായറാഴ്ച കടം തീർക്കാൻ പാടില്ലെന്ന് അനുശാസിക്കുന്നു (നമ്പർ 54).
● ഈസ്റ്റർ ദിനം വൈകുന്നേരം കർത്താവിനെ കണ്ടപ്പോൾ അപ്പസ്തോലന്മാർ അനുഭവിച്ച സന്തോഷത്തിൻ്റെ സാക്ഷ്യമായി ഞായറാഴ്ച ആചരണം നടത്താൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ആവശ്യപ്പെടുന്നു (നമ്പർ 58).
● ഞായറാഴ്ച ദിവസം ആഘോഷമായ ദിവ്യബലി അർപ്പിക്കുവാനും, സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും പ്രേഷിതത്വത്തിൻ്റെയും, വിവിധ ദൗത്യങ്ങളിൽ ഏർപ്പെടാനും വിശ്വാസികൾ കടപ്പെട്ടിരിക്കുന്നു (നമ്പർ 69).
● പാവങ്ങളായ സഹോദരരുമായുള്ള പങ്കുചേരലിൻ്റെയും സ്നേഹവിരുന്നിൻ്റെയും അവസരമാണ് ഞായറാഴ്ചകളിൽ ക്രൈസ്തവർക്ക് ലഭിക്കുന്നത് (നമ്പർ 70).
● രോഗികളെ സന്ദർശിച്ചും, ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണം നൽകിയും, അൾത്താരയിൽ നിന്ന് സ്വീകരിച്ച ക്രിസ്തു സ്നേഹത്തെ ജനങ്ങളിലെത്തിക്കുന്നു (നമ്പർ 72).
● ക്രിസ്തുവിനോട് ‘മാറാനാത്ത’ (ഞങ്ങളുടെ കർത്താവേ വന്നാലും – 1 കോറിന്തോസ് 16:22) എന്ന് ക്രൈസ്തവ സമൂഹം വിളിച്ചുപറയുന്ന ഞായറാഴ്ച ദിവസം, അനുദിന തൊഴിലുകളിൽ നിന്ന് അകന്ന്, സാക്ഷ്യത്തിൻ്റെയും പ്രഘോഷണത്തിൻ്റെയും പ്രാർത്ഥനയുടെയും സംസർഗ്ഗത്തിൻ്റെയും സന്തോഷത്തിൻ്റേതുമായ അമൂല്യതയിൽ തീക്ഷ്ണതയോടും പ്രത്യാശയോടും ജീവിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ‘കർത്താവിൻ്റെ ദിവസത്തിലൂടെ’ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു (നമ്പർ 84).