ഇന്ത്യയുടേയും നേപ്പാളിന്റെയും അപ്പോസ്തലിക പ്രതിനിധിയായ ആർച്ച്ബിഷപ് ജിയാംബാറ്റിസ്റ്റ ദിക്വാത്രോ ഇനി തെക്കേ അമേരിക്കയിലെ വിശ്വാസി സമൂഹത്തെ പ്രതിനിധീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവിനു ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകി. എന്നാൽ ഇന്ത്യയിലെ അദ്ദേഹത്തിന്റെ പിന്ഗാമിയെക്കുറിച്ചു വത്തിക്കാൻ തീരുമാനമെടുത്തിട്ടില്ല എന്ന് സിബിസിഐ അറിയിച്ചു.
2017 ജനുവരി 21ന് ഇന്ത്യയിലേക്ക് നിർദ്ദേശിക്കപ്പെട്ട അദ്ദേഹം അതേവർഷം മാർച്ച് 29 ന് ഇന്ത്യൻ പ്രസിഡന്റിനും ജൂൺ 6 ന് നേപ്പാൾ സർക്കാരിനും തന്റെ യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു തന്റെ ഔദ്യോഗിക ഭരണനിർവ്വഹണം ആരംഭിച്ചു. ഇന്ത്യ സന്ദർശിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ താൽപ്പര്യത്തെക്കുറിച്ചുള്ള വാർത്തകൾക്കിടയിലാണ് ആർച്ച്ബിഷപ് ദിക്വാത്രോ ഇന്ത്യയിലെത്തിയത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ മൂന്നുവര്ഷത്തിനിപ്പുറവും ഈ വിഷയത്തിൽ ഇന്നും മെല്ലെപ്പോക്ക് മാത്രമാണ് എന്നതാണ് ദുഃഖകരം.
1954 മാർച്ച് 18 ന് വടക്കൻ ഇറ്റലിയിലെ എമിലിയ-റൊമാഗ്ന മേഖലയുടെ തലസ്‌ഥാനവും ഏറ്റവും വലിയ നഗരവുമായ ബൊളോണയിലാണ് അദ്ദേഹത്തിന്റെ ജനനം. 1981 ഓഗസ്റ്റ് 24 ന് പൗരോഹിത്യം സ്വീകരിച്ചു. റാഗുസ രൂപതയിലായിരുന്നു അദ്ദേഹത്തിന്റെ സേവനം. 2005 ഏപ്രിൽ 2ന് പനാമയിലേക്ക് അപ്പോസ്തോലിക പ്രതിനിധിയായും ആർച്ച്ബിഷപ്പായും അദ്ദേഹം നിയമിതനായി. ഒമ്പത് വർഷത്തോളം തെക്കേ അമേരിക്കയിലെ ബൊളീവിയയുടെ അപ്പോസ്തലിക പ്രതിനിധിയായി സേവനമനുഷ്ഠിച്ച ശേഷമാണ് 2016ൽ അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇപ്പോൾ പോളണ്ടിലെ പ്രതിനിധിയായ ആർച്ച്ബിഷപ് സാൽവത്തോരെ പിനാക്കിയോ ആയിരുന്നു അദ്ദേഹത്തിന്റെ മുൻഗാമി.
അദ്ദേഹത്തിന്റെ സേവനകാലം ഭാരതത്തിലെ കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം പ്രക്ഷുബ്ധമായിരുന്നു. വിവിധ മെത്രാന്മാരും പുരോഹിതന്മാരും ഉൾപ്പെട്ട അഴിമതികളും പരാതികളും മറ്റും കൈകാര്യം ചെയ്യുന്നതിലെ നിഷ്‌ക്രിയത്വമാണ് അദ്ദേഹത്തെ വിമർശനത്തിനു ഇടയാക്കിയത്. ആർച്ച്ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് ഒരുകൂട്ടം അല്മായർ രംഗത്തുവന്നിരുന്നു. തന്റെ സേവനകാലത്തിനിടയ്ക്ക് 2 തവണ തിരുവനന്തപുരം അതിരൂപതയിലേക്ക് കടന്നുവന്നു.
വത്തിക്കാന് ന്യൂഡൽഹിയിൽ ഒരു പ്രതിനിധി കാര്യാലയവും ഇന്ത്യക്ക് സ്വിറ്റ്സർലൻഡിലെ ബേണിൽ ഒരു നയതന്ത്ര കാര്യാലയവും വത്തിക്കാന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയതിന്റെ തൊട്ടടുത്ത വർഷമാണ് – 1948 ജൂൺ 12 – വത്തിക്കാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഔദ്യോഗികമായി ആരംഭിച്ചത്. എന്നാൽ 1881 മുതൽ ഇന്ത്യയിൽ ഒരു അപ്പോസ്തലിക പ്രതിനിധി സംഘവും പ്രവർത്തനമേഖലയും നിലവിലുണ്ടായിരുന്നു.
Prem Bonaventure