കോവിഡ് 19 ഭീതിയിൽ മാസ്ക് കിട്ടാതായതോടെ കെഎൽസിഎ സൗജന്യമായി മാസ്കുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ മാസ്കുകൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചത്.
കെഎൽസിഎ കലൂർ പൊറ്റക്കുഴി പള്ളിയുടെ സഹകരണത്തോടെയുള്ള പദ്ധതിയിൽ ഇടവകാംഗങ്ങൾ പങ്കു ചേരും. യു. എസിൽ നിന്ന് ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് പൂർണമായും ശുചിത്വം പാലിച്ചാണ് മാസ്കുകളുടെ നിർമാണം പുരോഗമിക്കുന്നത്. പൊറ്റക്കുഴി പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കറുകപ്പള്ളി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
മാസ്കുകൾ വിപണിയിൽ കിട്ടാതാവുകയും ഉള്ളവ കൊള്ളവിലക്കു വിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംരംഭത്തിന് മുന്നിട്ടിറങ്ങിയത് എന്ന് ഇടവകവികാരി പ്രതികരിച്ചു. ഇവ തയ്യാറാകുന്ന മുറയ്ക്ക് സൗജന്യമായി ഗവൺമെൻറ് തലത്തിൽ തന്നെ വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം.