✍️ പ്രേം ബൊനവഞ്ചർ
ഈ വര്ഷം ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ തലവനായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും പങ്കെടുക്കും. ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭ പ്രതിനിധികളിൽ നിന്ന് 25 ലധികം കർദിനാൾമാരും ബിഷപ്പുമാരും ഉൾപ്പെടെ പങ്കെടുക്കുന്ന സമ്മേളനത്തിലാണ് അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്.
ദിവ്യകാരുണ്യത്തിലെ യേശുക്രിസ്തുവിന്റെ യഥാർത്ഥ സാന്നിധ്യത്തിന്റെ ആഘോഷമായി അറിയപ്പെടുന്ന കോൺഗ്രസിന്റെ 52-ാം പതിപ്പ് സെപ്റ്റംബർ 5-12 വരെ ഹംഗേറിയൻ തലസ്ഥാനത്ത് നടക്കും. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള കർദിനാൾമാരുടെ നേതൃത്വത്തിൽ പ്രഭാത-യാമ പ്രാർഥനകളും, മതബോധന ചർച്ചകളും, അനുഭവ സാക്ഷ്യങ്ങളും ശില്പശാലകളും കോൺഗ്രസിന്റെ അജണ്ടയിൽ ഉൾപ്പെടുന്നു.
1964 ൽ കോൺഗ്രസിന്റെ 38-ാം പതിപ്പിന് ആതിഥേയത്വം വഹിച്ച ബോംബെ അതിരൂപതയുടെ മെത്രാപ്പോലീത്തയാണ് കർദിനാൾ ഗ്രേസിയസ്. കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ പോൾ ആറാമൻ മാർപ്പാപ്പ ഇന്ത്യ സന്ദർശിച്ച ആദ്യ പാപ്പയായി. കർദിനാൾ ഗ്രേഷ്യസിനൊപ്പം ഏഷ്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷനായ കർദിനാൾ ചാൾസ് ബോയും കോൺഗ്രസിൽ ഏഷ്യൻ സാന്നിധ്യമായി ഉണ്ടാകും. നിലവിൽ മ്യാൻമറിലെ യാംഗൂൺ അതിരൂപതാ മെത്രാപ്പോലീത്തയാണ് അദ്ദേഹം.
2014 മുതൽ ഈ വർഷം ഫെബ്രുവരിയിൽ വിരമിക്കുന്നതുവരെ വത്തിക്കാൻ ആരാധന തിരുസംഘത്തിന്റെ തലവനായിരുന്ന കർദിനാൾ റോബർട്ട് സാറ ഈ വർഷത്തെ ദിവ്യകാരുണ്യ കോൺഗ്രസിൽ പ്രധാന പ്രഭാഷകനായിരിക്കും.
കർദിനാൾ ലൂയിസ് റാഫേൽ സാകോ (ഇറാഖ്), കർദിനാൾ ജോൺ ഒനായേകൻ (നൈജീരിയ), കർദിനാൾ ബൽത്താസർ എൻറിക് പോറസ് കാർഡോസോ (വെനസ്വേല), കർദിനാൾ ജെറാൾഡ് ലാക്രോയിക്സ് (കാനഡ), കർദിനാൾ ജീൻ-ക്ലോഡ് ഹോളറിക്ക് (ലക്സംബർഗ്), സിറിയൻ മെൽകൈറ്റ് ഗ്രീക്ക് കത്തോലിക്കാ പാത്രിയർക്കീസ് യൂസഫ് അബ്സി എന്നിവരാണ് എട്ടുദിവസം നീണ്ടു നിൽക്കുന്ന കോൺഗ്രസിലെ പ്രധാന അതിഥികൾ.
അമേരിക്കൻ നഗരമായ ഡെട്രോയിറ്റിലെ സേക്രഡ് ഹാർട്ട് മേജർ സെമിനാരിയിലെ തിരുവെഴുത്തുകളുടെ പ്രൊഫസറായ മേരി ഹീലി, 55 രാജ്യങ്ങളിൽ ഇവാഞ്ചലിക്കൽ മിഷനറിയായി സേവനമനുഷ്ഠിച്ച ശേഷം കത്തോലിക്കാ മതം സ്വീകരിച്ച ബാർബറ ഹെയ്ൽ തുടങ്ങിയ കത്തോലിക്കാ പ്രഭാഷകരും പരിപാടിയിൽ പങ്കെടുക്കുന്നു.
52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് 2020 ൽ നടക്കാനിരുന്നെങ്കിലും കൊറോണ വ്യാപനത്തെതുടർന്ന് 2021ലേക്ക് മാറ്റി. സെപ്റ്റംബർ 12ന് ബുഡാപെസ്റ്റിലെ ഹീറോസ് സ്‌ക്വയറിൽ സമാപന ദിവ്യബലി അർപ്പിക്കുവാനും കോൺഗ്രസിൽ പങ്കെടുക്കുവാനുമായി ഹംഗറി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായി ഫ്രാൻസിസ് പാപ്പ പറഞ്ഞു.
എഡെർഗോം-ബുഡാപെസ്റ്റിലെ അതിരൂപതയും ഫെബ്രുവരിയിൽ സിഎൻഎയോട് പറഞ്ഞു, പകർച്ചവ്യാധിയുടെ കാലത്ത് നടക്കുന്ന ഈ ഉദ്യമം പ്രതീക്ഷയുടെ ഒരു വലിയ അടയാളമായിരിക്കുമെന്ന് വിശ്വസിക്കുന്നതായി കർദിനാൾ പീറ്റർ എർഡെ പറഞ്ഞു. കോൺഗ്രസിന്റെ ആതിഥേയനും എസ്ഥേർഗോം-ബുഡാപെസ്റ്റ് അതിരൂപതയുടെ മെത്രാപ്പോലീത്തയുമാണ് അദ്ദേഹം.
മഹാമാരിയുടെ കാലത്ത് രാജ്യത്തെ പല ഇടവകകളും ആരാധനക്രമങ്ങൾ ഓൺലൈനിൽ പ്രക്ഷേപണം ചെയ്യാമെന്ന് പഠിച്ചു. പക്ഷേ, ദിവ്യകാരുണ്യത്തിന്റെ വ്യക്തിപരമായ സാന്നിധ്യത്തെ മാറ്റിസ്ഥാപിക്കാൻ മറ്റൊന്നിനും കഴിയില്ലെന്ന സത്യം അവർക്ക് അനുഭവപ്പെട്ടുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അങ്ങനെ ദിവ്യകാരുണ്യ കോൺഗ്രസിന്റെ ആപ്തവാക്യം ഒരു യാഥാർത്ഥ്യമാവുകയും അതിനു ഒരു പുതിയ അർത്ഥം ലഭിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. “എന്റെ ഉറവകള്‍ നിന്നിലാണ്” (സങ്കീ 87: 7) എന്ന സങ്കീർത്തകന്റെ പ്രഘോഷണമാണ് ഈ വർഷത്തെ കോൺഗ്രസിന്റെ ആപ്തവാക്യം. കോൺഗ്രസിന് അനുബന്ധമായി ഓരോ ദിവസവും ഹംഗേറിയൻ തലസ്ഥാന നഗരിയിൽ സാംസ്കാരികവും ആത്മീയവുമായ പരിപാടികൾ നടത്തപ്പെടും.
1881ൽ ഫ്രാൻസിലാണ് ആദ്യത്തെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് നടന്നത്. യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തിന് സാക്ഷ്യം വഹിക്കാൻ പുരോഹിതരും വിശ്വാസികളും ഒന്നിച്ചുകൂടി. തുടർന്ന് ജെറുസലേം, മുംബൈ, നയ്റോബി, മെൽബൺ, കൊറിയ, അമേരിക്ക തുടങ്ങി പല വർഷങ്ങളിലായി പല നഗരങ്ങളിലൂടെ ഈ അനുഭവസാക്ഷ്യസമ്മേളനം കടന്നുപോയി. അവസാനമായി കോൺഗ്രസ് നടന്നത് 2016 ൽ ഫിലിപ്പൈൻസിലെ സിബുവിലാണ്. ഏതാണ്ട് പന്ത്രണ്ടായിരത്തോളം പേർ കോൺഗ്രസിൽ പങ്കെടുത്തു. കോൺഗ്രസിലും അനുബന്ധ കൂട്ടായ്മകളിലും പങ്കെടുത്തവരുടെ എണ്ണം ലക്ഷക്കണക്കിനാണ്.
ഇതിനു മുൻപ് 1938 ലാണ് ഹംഗറി ദിവ്യകാരുണ്യ കോൺഗ്രസിന് ആതിഥേയത്വം വഹിച്ചത്. അതോടൊപ്പം 2024 ലെ അടുത്ത കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ ഫ്രാൻസിസ് മാർപാപ്പ ഇക്വഡോറിലെ ക്വിറ്റോ അതിരൂപതയെ നിയോഗിച്ചതായി വത്തിക്കാൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിനായി 2024 ൽ മാർപ്പാപ്പ ഇക്വഡോർ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്വഡോർ വിദേശകാര്യ മന്ത്രി മാനുവൽ മെജിയ ഏപ്രിൽ 21 ന് ട്വിറ്ററിൽ കുറിച്ചു.