തിരുവനന്തപുരം ലത്തീൻ അതിരൂപത ഔദ്യോഗികമായി അതിരൂപത ദിനമായി ആചരിക്കുന്ന ഒക്ടോബർ ഒന്നിന് രണ്ട് ഡീക്കന്മാർ പൗരോഹിത്യം സ്വീകരിക്കുന്നു. തൂത്തൂർ ഫൊറോന മാർത്താണ്ഡൻതുറ ഇടവകാംഗമായ ഡീക്കൻ മരിയ ജെബിൻ, പുല്ലുവിള ഫൊറോന ഇടവകാംഗമായ ഡീക്കൻ കിരൺ മർക്കോസ് എന്നിവരാണ് തങ്ങളുടെ വൈദിക പരിശീലനത്തിന്റെ സമാപനം കുറിച്ചു സഭയുടെ ശുശ്രൂഷകരാകുവാൻ ഒരുങ്ങുന്നത്.
തിരുവനന്തപുരം ലത്തീൻ അതിരൂപത ദിനമായ ഒക്ടോബർ ഒന്നിന് വൈകുന്നേരം 3.30ന് വിശുദ്ധയൗസേപ്പു പിതാവിൻറെ നാമധേയത്തിലുള്ള തിരുവനന്തപുരം പാളയം കത്തീഡ്രല്‍ ദേവാലയത്തിൽ വച്ചാണ് പൗരോഹിത്യ സ്വീകരണ കർമ്മം നടക്കുക.
കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, അർത്ഥികൾക്ക് വേണ്ടി അതിരൂപത സമൂഹം തങ്ങളുടെ പ്രാർഥനയിലൂടെ പ്രസ്തുത കർമ്മത്തിൽ പങ്കെടുക്കണമെന്ന് അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം പിതാവ് അഭ്യർത്ഥിച്ചു.