കൊട്ടിയം: തിരുവനന്തപുരം അതിരൂപതാംഗവും കർമ്മലീത്താ സഭാ വൈദീകനുമായ ഫാ. യാക്കോബ് ശിമയോൻ ഒ. സി. ഡി ജൂലൈ 22- ന് നടന്ന വാഹനാപകടത്തെതുടർന്ന് നിര്യാതനായി. 23- ന് പരുത്തിയൂരിൽ നടന്ന അനുസ്മരണ ദിവ്യബലിയിൽ അതിരൂപത മെത്രാൻ ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമ്മികത്വം വഹിച്ചു. യാക്കോബച്ചനെ ദൈവഹിതത്തിനനുസരിച് ജീവിതം നയിക്കാൻ പ്രാപ്തനാക്കിയ മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും, പ്രിയപ്പെട്ടവരുടേയുമൊക്കെ ദുഃഖത്തിൽ പങ്കുചേരുന്നതായി മെത്രാൻ പറഞ്ഞു. 1976 മെയ് മാസം 21- നായിരുന്നു ജനനം. 2012 ഡിസംബർ 27- ന് പൗരോഹിത്യം സ്വീകരിച്ചു. ഫാ. യാക്കോബിനു അന്തിമോപചാരമർപ്പിക്കാൻ അതിരൂപതയിലെ വൈദീകരും, സമർപ്പിതരുമുൾപ്പടെ നിരവധിപേരാണ് പരുത്തിയൂർ വിശുദ്ധ മറിയ മഗ്ദലെന ദൈവാലയത്തിൽ എത്തിയത്. കൊട്ടിയം സെന്റ്. ജോസഫ്സ് പ്രൊവിൻഷ്യൾ ഹൗസിൽ ഇന്ന് രാവിലെ 10 മണിക്ക് ഫാ. യാക്കോബിന്റെ മൃതദേഹം സംസ്‌കരിച്ചു.
അന്തരിച്ച യാക്കോബ് ശിമയോൻ അച്ചൻ നല്ലൊരു ഗായകനും കീബോഡിസ്റ്റും ആയിരുന്നു. ദൈവം അച്ചനെ സ്വർഗ്ഗീയ ഗായകസംഘത്തിലേക്ക് ചേർക്കുകയായിരുന്നുവെന്ന് ആശ്രമത്തിലെ വൈദീകർ തങ്ങളുടെ അനുശോചന സന്ദേശത്തിൽ കുറിച്ചു. മഗ്ദലേന മറിയത്തെ സ്വർഗ്ഗീയ വിശുദ്ധയായി സ്വീകരിച്ച അച്ചൻ ആ വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ തിരുനാൾ ദിവ്യബലിയിൽ പങ്കെടുത്തശേഷമാണ് സ്വർഗ്ഗീയ പൂന്തോട്ടത്തിലേക്ക് പറിച്ച് നടപ്പെട്ടത്. യാക്കോബ് അപ്പസ്തോലന്റെ നാമധാരിയായ അച്ചൻ ഒരുപക്ഷേ തന്റെ നാമഹേതുക തിരുനാൾ സ്വർഗ്ഗത്തിലിരുന്നുകൊണ്ട് വിശുദ്ധനുമൊത്ത് ആചരിക്കുമായിരിക്കുമെന്നും സഹവൈദീകർ അച്ചനെ സ്മരിക്കുന്നു.