അയ്യായിരത്തിലധികം ജനസംഖ്യയുള്ള, പാർവതി പുത്തനാറിനും അറബിക്കടലിനും നടുവിലായി ഒന്നര കിലോമീറ്റർ നീളവും 200 മീറ്ററിൽ താഴെ വീതിയുമുള്ള വലിയവേളി ഗ്രാമത്തിൽ പുതുതായി നിർമ്മിക്കുന്ന മൊബൈൽ ടവറിനെതിരെ ഇക്കഴിഞ്ഞദിവസം ജനങ്ങളുടെ പ്രതിഷേധം. ഇന്നലെ രാവിലെ വേളി പള്ളിയങ്കണത്തിൽ നിന്നും ടവർ നിർമ്മാണസ്ഥലത്തേക്കാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്.
സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ മെയിൻ റോഡിൽ നിന്നും ഏകദേശം 90 cm മാത്രം വീതിയിൽ നട വഴി ഉള്ള മൂന്നാമത്തെ പ്ലോട്ടിലാണ് 30 മീറ്റർ ഉയരത്തിൽ ടവർ സ്ഥാപിക്കാൻ പ്രസ്തുത കമ്പനി തീരുമാനം എടുത്തത്. കടലിനോട് ഏറ്റവും അടുത്തു കിടക്കുന്നതും കൊറോഷൻ കൂടുതൽ ഉണ്ടാവാൻ സാധ്യതയുളള പ്രദേശത്ത് ടവറിൽ ഏതെങ്കിലും തരത്തിൽ ഒരു അത്യാഹിതം ഉണ്ടായാൽ അടിയന്തിര രക്ഷാപ്രവർത്തനം നടത്താനുള്ള വഴി പോലും പ്രസ്തുത പ്ലോട്ടിലേക്കില്ലെന്നും നാട്ടുകാർ പറയുന്നു.
എയർപോർട്ടിന്റെ അടുത്ത പ്രദേശമായതിനാൽ എയർപോർട്ട് നിയമപ്രകാരം രണ്ടുനില കെട്ടിടങ്ങൾക്ക് മാത്രം നിർമ്മാണ അനുമതി ലഭിക്കുന്ന ഈ പ്രദേശത്ത് മുപ്പത് മീറ്റർ പൊക്കത്തിൽ ടവർ നിർമ്മിക്കുവാൻ അനുമതി ലഭിച്ചത് ചട്ടവിരുദ്ധം ആണെന്നും, ടവർ നിർമ്മിക്കുന്ന സ്ഥലത്തിന്റെ ചുറ്റുമുള്ള ജനങ്ങളുമായി ചർച്ച ചെയ്യുകയോ അഭിപ്രായങ്ങൾ ആരായുവാനോ നാളിതുവരെ indus Tower Limited കമ്പനി തയ്യാറായിട്ടില്ലെന്നും, നിർമ്മാണ പെർമിറ്റ് കോപ്പി നാളിതുവരെയായി സൈറ്റിൽ ഡിസ്പ്ലേ ചെയ്തിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
മുകളിൽ സൂചിപ്പിച്ച സാഹചര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് ചട്ടവിരുദ്ധ നിർമാണ പ്രവർത്തനം നടത്തുന്ന Indus Towers Limited കമ്പനിക്ക് നൽകിയ നിർമ്മാണ അനുമതി റദ്ദ് ചെയ്യണം എന്ന് അധികാരികളോട് ആവശ്യപ്പെട്ടുവെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലാത്തതിനാൽ, ജനവാസം കുറഞ്ഞതും സുരക്ഷിതവുമായി വാഹനങ്ങൾക്ക് സുഗമായി സഞ്ചരിക്കാൻ കഴിയുന്നതുമായ സ്ഥലം കണ്ടെത്തി അവിടേക്ക് ടവർ മാറ്റി സ്ഥാപിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. നിർദിഷ്ട സ്ഥലത്തു തന്നെ ടവർ നിർമ്മിക്കും എന്ന പിടിവാശിയിൽ ആണ് കമ്പനിയെന്നും പ്രതിഷേധക്കാർ പറയുന്നു.
പ്രതിഷേധ സമരങ്ങളിലൂടെ വളരെ കുറച്ചു ദിവസം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ സാധിച്ചുവെങ്കിലും പോലീസിന്റെ സംരക്ഷണത്തിൽ നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അഭ്യർത്ഥന മാനിച്ച് നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു കൊണ്ട് പ്രദേശവാസികളുമായി ചർച്ചചെയ്യത് പൊതുവായി സമ്മതമായ സ്ഥലത്ത് ടവർ നിർമ്മിക്കുവാൻ കമ്പനി തയ്യാറാകുന്നത് വരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
അവലംബംഃ FB പേജ്