“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.” (മത്തായി 11:28)
മാദ്രെ-ദെ-ദേവൂസ് ദൈവലയം
ക്രിസ്തുരാജൻ്റെ ആശ്വാസവും സാന്ത്വനവും നൽകുന്ന വാക്കുകളും ക്രിസ്തുരാജൻ്റെ ചൈതന്യവത്തായ സാന്നിധ്യവും മാദ്രെ-ദെ-ദേവൂസ് ദൈവലയത്തെ നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് തീർഥാടകരുടെ അഭയകേന്ദ്രമാക്കി മാറ്റി. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് മാദ്രെ ദേ ദേവൂസ് ദൈവലയം. ഈ ദൈവലയം പരിശുദ്ധ ദൈവമാതാവിൻറെ നാമത്തിലാണ് സ്ഥാപിതമായിരിക്കുന്നത്. മാദ്രെ-ദെ-ദേവൂസ് – ഇത് രണ്ട് വിദേശ പദങ്ങളുടെ സംയോജനമാണ്; പോർച്ചുഗീസ്, ലാറ്റിൻ ഭാഷകളിൽ നിന്ന് ഉരുത്തിരിഞ്ഞ ‘മാദ്രെ’ എന്നാൽ അമ്മ എന്നും ‘ദെ-ദേവൂസ്’ എന്നാൽ ‘ദൈവത്തിന്റെ’ എന്നുമാണ് അർത്ഥമാക്കുന്നത്.
“മാദ്രെ-ദെ-ദേവൂസ് ചർച്ച്” എന്നറിയപ്പെടുന്ന വെട്ടുകാട് ഇടവകയ്ക്ക് പറഞ്ഞുവയ്ക്കാൻ അഞ്ച് നൂറ്റാണ്ടിലധികം നീളുന്ന ചരിത്ര പാരമ്പര്യം സ്വന്തമായിട്ടുണ്ട്. ഇന്ത്യയുടെ രണ്ടാം അപ്പോസ്തലനായ പോർച്ചുഗീസ് മിഷനറിയായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യർ 1543 നും 1547 നും ഇടയിൽ വെട്ടുകാട് പ്രദേശം സന്ദർശിച്ച വിശുദ്ധൻ ഈ പ്രദേശവാസികളെ സ്നാനപെടുത്തി എന്നാണ് പരമ്പരാഗതമായി വിശ്വസിക്കുന്നത്.
റോമിലെ സൊസൈറ്റി ഓഫ് ജീസസ് സുപ്പീരിയർ ജനറൽ റവ. ഫ്രാൻസിസ് പെരസ് എസ്.ജെ മലബാർ പ്രദേശത്തെ ക്രിസ്തുമത വിശ്വാസത്തെക്കുറിച്ച് പഠികുകയും അതിനെ പറ്റി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 1644-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ റിപ്പോർട്ട്, മാദ്രെ-ദേ-ദേവൂസ് വെട്ടുകാട് ഇടവകയിൽ 175 ക്രിസ്ത്യൻ ജനസംഖ്യയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. അവിടെ ഒരു ചെറിയ ചാപ്പലും ഒരു കരിങ്കൽ കുരിശും കണ്ട് അദ്ദേഹം അതിശയിച്ചുവെന്ന് റിപ്പോർട്ടിൽ രേഖപെടുത്തിയിരിക്കുന്നു.
1955 വരെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും തീരദേശ മേഖലാ ഇടവകകളെ പദ്രവാദോയുടെ ഉടമ്പടിയിൽ ഉൾപ്പെടുത്തി, ഈ പ്രദേശത്തിന്റെ മേൽ സഭയുടെ പരമാധികാരം പോർച്ചുഗീസ് ശക്തികൾ നിയന്ത്രിക്കുന്ന ഗോവ അതിരൂപതയ്ക്ക് നൽകി. 1890 മുതൽ 1919 വരെ ഗോവയിലെ ഇടവക പുരോഹിതനായിരുന്ന റവ. ഫാ. മൊന്തേര, കോൺവെന്റ് ഏരിയയിൽ നിന്ന് ചാപ്പൽ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി. 1934-ൽ ഫാ. ഗുഡിഞ്ചോ ദൈവലയത്തിൻറെ വിപുലീകരണം ആരംഭിച്ചു. 1937-ൽ ഇത് പൂർത്തിയാക്കി തുടർന്നു റവ. ഫാ. മൈക്കിൾ ജോൺ ഇടവക വികാരിയായി സ്ഥാനമേറ്റു.
ക്രിതുരാജത്വ തിരുനാൾ ആരംഭം
വളർന്നുവരുന്ന ദേശീയതയ്ക്കും മതേതരത്വത്തിനും മറുപടിയായി 1925-ൽ പയസ് പതിനൊന്നാമൻ മാർപാപ്പ തന്റെ എൻസൈക്ലിക്കൽ ‘ക്വാസ് പ്രിമാസിലെ “D. N. Jesu Christi Regis” (നമ്മുടെ കർത്താവായ യേശുക്രിസ്തു രാജാവ്) എന്ന വിളംബരത്തിലൂടെ ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ച അതായത് എല്ലാ വിശുദ്ധരുടെയും പെരുന്നാളിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച ക്രിസ്തു രാജത്വ തിരുനാൾ ദിനമായി മാർപ്പാപ്പ പ്രഖ്യാപിച്ചു.
1969-ൽ പോൾ ആറാമൻ മാർപാപ്പ തന്റെ ‘മോട്ടു പ്രോപ്രിയോ മിസ്റ്ററി പാസ്ചാലിസി’ലൂടെ തിരുനാളിനു ഒരു പുതിയ തലക്കെട്ട് നൽകി: “D. N. Jesu Christi universorum Regis” (നമ്മുടെ കർത്താവായ യേശുക്രിസ്തു പ്രപഞ്ചത്തിന്റെ രാജാവ്). പാപ്പ അതിന് ഒരു പുതിയ തീയതിയും നൽകി: ആരാധനാക്രമ വർഷത്തിലെ അവസാന ഞായറാഴ്ച, ആഗമന കാലത്തിലെ ആദ്യ ഞായറാഴ്ചയോടെ ഒരു പുതിയ വർഷം ആരംഭിക്കുന്നതിന് മുമ്പ്, അതിന്റെ ആദ്യ തീയതി നവംബർ 27 ആണ്. ഈ തീയതി തിരഞ്ഞെടുക്കുന്നതിലൂടെ “ഈ ഞായറാഴ്‌ചയുടെ എസ്‌കറ്റോളജിക്കൽ പ്രാധാന്യം കൂടുതൽ വ്യക്തമാണ്”. അദ്ദേഹം അതിന് ഏറ്റവും ഉയർന്ന പദവി നൽകി. അന്ന് മുതൽ ആരാധനാക്രമത്തിലെ അവസാന ഞായറാഴ്ച അതായത് ആഗമന കാലത്തിനു തൊട്ട് മുന്നേ ഉള്ള ഞായറാഴ്ച ക്രിസ്തുരാജ്വത തിരുനാൾ ആഘോഷിക്കാൻ തുടങ്ങി.
ക്രിസ്തുരാജ്വത തിരുസ്വരൂപം
ഇടവകയിലെ ആദ്യത്തെ വൈദികനായ റവ. ഫാ. സി.എം.ഹിലരിയുടെ തിരുപ്പട്ടത്തിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രീമാൻ കാർമെൻ മിറാൻഡയും ശ്രീമതി എലിസബത്തും റോമിൽ നിന്നുള്ള ക്രിസ്തുരാജൻറെ പ്രസിദ്ധമായ ചിത്രത്തിൻറെ പതിപ്പായി കേരളത്തിലെ പ്രശസ്ത കലാകാരായ ചമബാക്കുളത്തെ ആശാരികളെകൊണ്ട് പണികഴിപ്പിച്ചതാണ് ക്രിസ്തുരാജൻറെ തിരുസ്വരൂപം.
കൊച്ചിൻ ബിഷപ്പായിരുന്ന റൈറ്റ്. റവ. ജോസ് വിയേറോ അൽവെർനാസാണ് ക്രിസ്തുരാജൻറെ അത്ഭുത സ്വരൂപം ആശീർവദിക്കുകയും സ്ഥാപിക്കുകയും ചെയ്തത്. അന്ന് മുതൽ ഇന്നു വരെയും വെട്ടുകാട് ഇടവക അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പുണ്യഭുമിയായി നിലനിൽക്കുന്നു.
കടപ്പാട്: വെട്ടുകാട് ഇടവക