അഭിമാനമായി ‘ഏഷ്യ ബുക്ക് ഓഫ് റെക്കോർഡി’ന്റെ ഇരട്ട നേട്ടവുമായി പൂന്തുറ സ്വദേശി ആൽഡോ.എ.ക്ലെമെന്റും പെരുങ്ങമല സ്വദേശി വിമിൻ എം വിൻസെന്റും.
ഹൃസ്വചലചിത്ര മേഖലയിൽ കാലികപ്രസക്തമായ ആശയങ്ങൾ ചേർത്തിണക്കി തയ്യാറാക്കിയ ‘ആ.ക.മ’ എന്ന ഷോർട്ട് ഫിലിമിനാണ് ആൽഡോ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ആൽഡോയുടെ മൂന്നാമത്തെ ഹൃസ്വചലചിത്രം കൂടിയാണ് ‘ആ.ക.മ’. പ്രായം കുറഞ്ഞ സംവിധയകൻ, ആദ്യത്തെ ഓഖി സംബന്ധമായ ചലച്ചിത്ര സംവിധായകൻ, പ്രാദേശിക സാംസ്‌കാരിക ഭാഷയുടെ പ്രധാന്യം എടുത്തുകാട്ടിയ ചലചിത്രം എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് ആൽഡോ ‘ആ.ക.മ’ എന്ന ഹൃസ്വ ചിത്രത്തിലൂടെ സ്വന്തമാക്കിയത്.
ജന്മസിദ്ധമായ കരവിരുതിൽ തയ്യാറാക്കിയ ലോക അത്ഭുതങ്ങളുടെ ഡൂഡിൽ ചിത്രത്തിനും തിരുസഭയിലെ ഇന്ന് വരെയുള്ള പാപ്പാമാരുടെ ചരിത്ര രേഖ സ്വന്തം കൈപ്പടയിൽ രേഖപെടുത്തിയതിനുമാണ് വിമൻ എം വിന്സന്റിനെ തേടി റെക്കോർഡുകൾ എത്തിയത്. ‘ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്’, ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്’, ‘ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്’ എന്നി നേട്ടങ്ങളാണ് വിമിൻ സ്വന്തമാക്കിയത്.
ഗിന്നസ്സ് റെക്കോർഡിനു ശേഷം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള റെക്കോർഡ് നേട്ടമാണ് ‘ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്’. നിരവധി വെല്ലുവിളികൾ മറികടന്നാണ് ഇരുവരും ഇത്തരം നേട്ടങ്ങൾ സ്വന്തമാക്കിയത്. ചെറിയ പ്രായത്തിൽ തന്നെ കഠിനപ്രയത്നം നടത്തി കഴിവു തെളിയിക്കുകയാണ് ഈ കൂട്ടുകാർ.