റിപ്പോർട്ടർ: Telma (St. Xavier’s College Journalism student)
ഉമയമ്മ റാണിയുടെ ഭരണകാലം. ഡച്ചുകാരുടെ കുരുമുളക് വ്യാപാര കുത്തക തകർക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സായുധ ശക്തിയുടെ പിൻബലത്തോടെ 1684-ൽ ആറ്റിങ്ങലിനടുത്തു അഞ്ചുതെങ്ങിൽ റാണിയുടെ ഒത്താശയോടെ കോട്ട പണി ആരംഭിച്ചു.1695-ൽ കോട്ട പണിതീർത്തു. കടൽത്തീരത്ത് കോട്ട പണിഞ്ഞത് ബ്രിട്ടീഷുകാരുടെ കച്ചവട തന്ത്രമായിരുന്നു. ബോംബെ കഴിഞ്ഞാൽ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായി അഞ്ചുതെങ്ങ് മാറി. പണം കുമിഞ്ഞു കൂടിയപ്പോൾ അധികാരത്വര അവരെ പിടികൂടി. ക്രമേണ സൈനിക സന്നാഹങ്ങൾ കോട്ടയ്ക്കുള്ളിൽ ഒരുങ്ങി.
സൈനിക പരിശീലന കേന്ദ്രവും അഞ്ചുതെങ്ങായി മാറി. ഇതാണ് അഞ്ചുതെങ്ങിലെ മുക്കുവരെ ചൊടിപ്പിച്ചത്. ആറ്റിങ്ങൽ റാണി യുമായി കൂടുതൽ അടുത്ത ബ്രിട്ടീഷുകാർ 1697-ൽ കുരുമുളകിന്റെ കുത്തക തന്ത്രപൂർവ്വം കൈക്കലാക്കി. ബ്രിട്ടീഷ് സൈനിക നേതാവായ ഗീഫോർഡ് എന്ന് കച്ചവട കുതന്ത്ര പ്രമാണി കുരുമുളകിന് തൂക്കത്തിലും വിലയിലും വൻ അഴിമതി കാട്ടി ജനങ്ങളെ പറ്റിച്ചു.ഇതിൽ കർഷകർ പ്രതിഷേധിച്ചപ്പോൾ റാണിയുടെ ഒത്താശയോടെ കമ്പനി നിർബന്ധിക്കുന്ന വിലക്ക് കർഷകൻ കുരുമുളക് നൽകണമെന്ന വ്യവസ്ഥ ഉണ്ടാക്കി. കർഷകരുടെ ഉള്ളിൽ ഇത് കനലായി കിടന്നു.
അഞ്ചുതെങ്ങിലെ കർഷകരുടെ അഗ്നിയും ആറ്റിങ്ങലിലെ കർഷകരുടെ അഗ്നിയും ഒന്നിച്ചപ്പോൾ 1697 -ൽ എട്ടുവീട്ടുപിള്ളമാരുടെ നേതൃത്വത്തിൽ ഇത് നാട്ടുകാരും ഒന്നിച്ച് അഞ്ചുതെങ്ങ് കോട്ട ആക്രമിച്ചു. എന്നാൽ ബഹുജന പിന്തുണ കുറഞ്ഞതിനാൽ ഈ പ്രക്ഷോഭം പരാജയപ്പെടുകയായിരുന്നു. ഇതോടെ നാട്ടുകാരോട് ബ്രിട്ടീഷുകാർ വിരോധത്തോടെ പെരുമാറാൻ തുടങ്ങി. 1721 ഏപ്രിൽ 15ന് ഗിഫോർഡ് 141 ബ്രിട്ടീഷുകാരുടെ അകമ്പടിയോടെ എട്ടുവീട്ടിൽ പിള്ളമാരെ വെല്ലുവിളിച്ച് റാണിക്ക് സമ്മാനം നേരിട്ട് കൊടുക്കാനായി പുറപ്പെട്ടു. ഇതറിഞ്ഞ ബ്രിട്ടീഷ് വിരോധികൾ എട്ടുവീട്ടിൽ പിള്ളമാരെ അറിയിക്കുകയും മുക്കുവ കരുത്തരുടെ പിൻബലത്തോടെ കോട്ട വളഞ്ഞു. ബ്രിട്ടീഷുകാരുടെ പള്ളി അഗ്നിക്കിരയായി. തലശ്ശേരിയിൽ നിന്നും വലിയ ബ്രിട്ടീഷ് പട എത്തിയാണ് പോരാളികളെ ആക്രമിച്ചത്. പരാജിതരായ കലാപകാരികളെ റാണിയുടെ ഒത്താശയോടെ ശിക്ഷിച്ചു.
(ആറ്റിങ്ങലിൽ ധീരദേശാഭിമാനികൾ നയിച്ച ഈ വിപ്ലവം പരാജയപ്പെട്ടെങ്കിലും പ്ലാസിയുദ്ധത്തിന് (1757) മൂന്ന് ദശാബ്ദത്തിന് മുൻപാണ് വിദേശാധിപത്യത്തിനെതിരെ ശക്തമായ സമരം നടന്നത് എന്ന് ഓർക്കണം. പ്ലാസ്സി യുദ്ധത്തിൽ 29 ബ്രിട്ടീഷുകാർ മാത്രമാണ് കൊല്ലപ്പെട്ടതെങ്കിൽ ആറ്റിങ്ങൽ കലാപത്തിൽ 140 പേരെയാണ് വധിച്ചത്. ഭാരതത്തിലെ ആദ്യ സ്വാതന്ത്ര്യസമരമായി തന്നെ എണ്ണാവുന്ന ഈ സംഭവത്തെ മറ്റു ലേഖകർ ചെറുതാക്കിക്കാണാനാണ് ഇപ്പോഴും ശ്രമിക്കുന്നത്.)
കടപ്പാട് : റെവ. ഫാ. ഇമ്മാനുവേൽ വൈ